ഭാരതാംബ ചിത്രം നീക്കി ഗവർണർ; വിയോജിപ്പ് അറിയിച്ചെങ്കിലും സഹകരിച്ച് പിണറായി

സർക്കാരും ഗവർണറും തമ്മിലുള്ള മഞ്ഞുരുകുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്ഭവൻ പ്രസിദ്ധീകരണം തുടങ്ങുന്ന രാജഹംസ് മാസികയുടെ പ്രകാശന വേദിയിലാണ് മുഖ്യമന്ത്രിയും ഗവർണറും വേദി പങ്കിട്ടത്. ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് രാജഭവനും സർക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങുകൾ ഒഴികെയുള്ള പരിപാടികളിൽ ഭാരതാംബ ചിത്രം ഉൾപ്പെടുത്തുമെന്ന നിലപാടിലായിരുന്നു രാജ്ഭവൻ. പക്ഷേ ഇന്നത്തെ ചടങ്ങിൽ ഭാരതാംബ ചിത്രം ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.
ചടങ്ങിൽ സഹകരിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മാഗസിന്‍റെ ഉള്ളടക്കത്തെ കുറിച്ചുള്ള തന്റെ വിയോജിപ്പ് അറിയിച്ചു. “ഇവിടെ പ്രകാശനം ചെയ്യുന്ന ‘രാജഹംസ്’ ആദ്യ പതിപ്പിൽത്തന്നെ ‘Article 200 and a Constitutional Conundrum’ എന്ന ശീർഷകത്തിൽ ഉള്ള ഒരു ലേഖനമുണ്ട്. ഇതിൽ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണ് ഉത്തരം.” വിരുദ്ധ അഭിപ്രായങ്ങളെ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Also Read : ഭാരതാംബയെ വിട്ടൊരു കളിയില്ല; പരിപാടി രാജ്ഭവനിലെങ്കിൽ ഭാരതാംബ ചിത്രം ഉറപ്പ്; വിവാദങ്ങൾ കൊഴുക്കുന്നു
ഓണാഘോഷ പരിപാടിയുടെ സമാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ അയഞ്ഞിരുന്നു. മാഗസിൻ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ആ ബന്ധം കൂടുതൽ ദൃഢമാവുകയാണ്. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത് കോൺഗ്രസ് നേതാവ് ശശി തരൂരായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here