ഒരു ബ്രാഹ്മണൻ സ്വന്തം മകളെ എൻ്റെ മകന് നൽകുമെങ്കിൽ… ജാതീയ പരാമർശത്തിൽ ഐഎഎസ് ഉദ്യോഗസ്ഥന് നോട്ടീസ്

മധ്യപ്രദേശിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ജീവനക്കാരുടെ സംഘടനയായ AJAKS-ന്റെ സംസ്ഥാന അധ്യക്ഷനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ സന്തോഷ് വർമ്മയ്ക്ക് മധ്യപ്രദേശ് സർക്കാരിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. ബ്രാഹ്മണ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളെയും സംവരണത്തെയും ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ വിവാദ പരാമർശമാണ് നടപടിക്ക് കാരണം.

“ഒരു ബ്രാഹ്മണൻ തൻ്റെ മകളെ എന്റെ മകന് നൽകാൻ തയ്യാറാകുന്നത് വരെ ഇവിടെ സംവരണം തുടരണം”; നവംബർ 23ന് ഭോപ്പാലിൽ നടന്ന AJAKS കൺവെൻഷനിൽ വെച്ച് സന്തോഷ് വർമ്മ പറഞ്ഞ ഈ വിവാദ പരാമർശത്തിന്റെ വീഡിയോ വൈറലായതോടെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി.

സന്തോഷ് വർമ്മയുടെ പരാമർശം ഐഎഎസ് ഉദ്യോഗസ്ഥന്റെ അന്തസ്സിനും പെരുമാറ്റത്തിനും യോജിച്ചതല്ലന്ന് വിലയിരുത്തിയാണ് നടപടിയെടുക്കാനുള്ള സർക്കാരിൻ്റെ നീക്കം. അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം തുടങ്ങിയ കുറ്റങ്ങളാണ് കാരണം കാണിക്കൽ നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്. ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്.

ഉദ്യോഗസ്ഥൻ്റെ പ്രസംഗത്തിനെതിരെ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ബിജെപി മുൻ മന്ത്രിയായ ഗോപാൽ ഭാർഗവ, വർമ്മ മോശം സ്വഭാവത്തിന് ഉടമയാണെന്നും ഐഎഎസ് പദവി എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവായ ഹേമന്ത് കടാരെ, വർമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജോലിയിൽ നിന്ന് പുറത്താക്കണമെന്നും പറഞ്ഞു.

എന്നാൽ, പ്രതിഷേധം ശക്തമായതോടെ സന്തോഷ് വർമ്മ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വർമ്മക്കെതിരെ മുമ്പും കേസുകൾ നിലവിലുണ്ട്. ഐഎഎസ് നേടാനായി കോടതിയുടെ വ്യാജരേഖകൾ ഉണ്ടാക്കി എന്ന കുറ്റത്തിന് ജഡ്ജി നൽകിയ പരാതിയിലും, വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു എന്ന് രണ്ടു സ്ത്രീകൾ നൽകിയ പരാതികളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top