പൊതുസ്ഥലങ്ങളിൽ ഇനി തെരുവുനായ്ക്കളെ കാണരുത്! തടയുന്നവർക്കെതിരെ കർശന നടപടി; സുപ്രീം കോടതി

തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നായ്ക്കളെയെല്ലാം നിശ്ചിത ഷെൽട്ടറുകളിലേക്ക് മാറ്റാനാണ് നിർദ്ദേശം.
എട്ട് ആഴ്ചകൾക്കുള്ളിൽ ഇവയെ നീക്കം ചെയാനുള്ള നടപടി പൂർത്തിയാക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു. പിടികൂടുന്ന നായ്ക്കളെ അതേ സ്ഥലത്ത് തന്നെ തിരികെ തുറന്നുവിടരുതെന്നും കോടതി വ്യക്തമാക്കി. ദേശീയ, സംസ്ഥാന പാതകളിൽ നിന്നും മറ്റ് റോഡുകളിൽ നിന്നും അലഞ്ഞുതിരിയുന്ന കന്നുകാലികളെ നീക്കം ചെയ്യാനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.
കന്നുകാലികളെ റോഡുകളിൽ നിന്ന് നീക്കം ചെയ്ത് ഷെൽട്ടർ ഹോമുകളിൽ എത്തിക്കുന്നതിനായി പ്രത്യേക ഹൈവേ പട്രോളിംഗ് ടീമിനെ സജ്ജമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. തെരുവ് കന്നുകാലികളെക്കുറിച്ച് അറിയിക്കാൻ എല്ലാ ദേശീയ പാതകളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ ഉണ്ടാകണം. നായ്ക്കളെ പിടികൂടുന്നതിൽ തടസ്സം സൃഷ്ടിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ കർശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക സ്ഥലം ഒരുക്കാൻ മുനിസിപ്പൽ അധികൃതർക്ക് നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദിക്കില്ല, ലംഘിച്ചാൽ നടപടിയുണ്ടാകും. കേസ് വീണ്ടും ജനുവരി 13ന് പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here