‘കടിക്കുന്നവർ പാർലമെന്റിനകത്താണ്, ഞാൻ നിയമം തെറ്റിച്ചില്ല’; നായ വിവാദത്തിൽ എംപിയുടെ തീപ്പൊരി ഡയലോഗ്

കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി പാർലമെന്റിലേക്ക് നായയെ കൊണ്ടുവരികയും തുടർന്ന് സഹ എംപിമാർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തത് വിവാദമായിരുന്നു. എന്നാൽ, ഇതിനെതിരെ പ്രതികരിച്ചു രേണുക രംഗത്തെത്തി. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും, നിയമം ലംഘിച്ചിട്ടില്ലെന്നും തനിക്കെതിരെ എടുക്കുന്ന ഏതു നടപടിയെയും കാര്യമാക്കുന്നില്ലെന്നും വ്യക്തമാക്കി.

പ്രത്യേകാവകാശ ലംഘനത്തിന് തനിക്കെതിരെ പ്രമേയം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്യാം. അത് തന്നെ ബാധിക്കുന്ന വിഷയമല്ല. മുൻ പ്രധാനമന്ത്രി വാജ്പേയിയും ഒരിക്കൽ പാർലമെന്റിലേക്ക് കാളവണ്ടി കൊണ്ടുവന്നിട്ടുണ്ട്. ഹിന്ദുമതത്തിൽ നായകൾക്ക് വലിയ സ്ഥാനമുണ്ടെന്നും രാജ്യസഭാ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

രേണുക പാർലമെന്റ് വളപ്പിലേക്ക് നായയെ കൊണ്ടുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഗേറ്റിൽ വച്ച് അവരെ തടയുകയും നായയെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അകത്തേക്ക് പ്രവേശിക്കണമെന്ന് അവർ നിർബന്ധിച്ചതായാണ് വിവരം. നായയെ ഉടൻ തന്നെ എംപിയുടെ കാറിൽ തിരിച്ചയച്ചെങ്കിലും, ഇത് പ്രോട്ടോക്കോളിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

എന്നാൽ, ചൗധരിയുടെ തുടർന്നുള്ള പരാമർശങ്ങളാണ് വിഷയം കൂടുതൽ ആളിക്കത്തിച്ചത്. പാർലമെന്റ് വളപ്പിൽ നായയെ പ്രവേശിപ്പിക്കുന്നത് തടയുന്ന നിയമങ്ങളൊന്നും നിലവിലില്ലെന്നാണ് എംപിയുടെ പ്രതികരണം. പാർലമെന്റിലേക്കുള്ള യാത്രാമധ്യേ അപകടസ്ഥലത്തിനടുത്ത് വച്ച് നായക്കുട്ടിയെ കണ്ടെന്നും, അതിനെ ആരെങ്കിലും വണ്ടി ഓടിച്ചു കേറ്റുമോ എന്ന് പേടിച്ചാണ് ഇവിടേക്ക് കൊണ്ടുവന്നത്. കൂടാതെ അപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു എന്നാണ് രേണുക പറഞ്ഞത്.’കടിക്കുന്നവർ പാർലമെന്റിനകത്ത് ഇരുന്നാണ് ഭരണം നടത്തുന്നത്. അതിലൊന്നും പ്രശ്നമില്ലേ? മൃഗത്തെയാണ് താൻ പരിപാലിച്ചത്’ എന്ന് പറഞ്ഞതും വിവാദത്തിന് കാരണമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top