റിപ്പോര്‍ട്ടർ ടിവിയുടെ മെസി മാസ്റ്റര്‍പ്ലാന്‍ വെറും തള്ളല്‍; പൊളിച്ചടുക്കി സന്ദീപ് വാര്യര്‍; മറ്റുള്ളവര്‍ വിഡ്ഢികളാണെന്ന് ധരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ്

മെസി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം സംബന്ധിച്ച വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ചാനല്‍ വിശദീകരണം നല്‍കിയത്. 130 കോടി രൂപ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ അടച്ചിട്ടുണ്ടെന്നും ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്ററും എംഡിയുമായി ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയത്. ഒപ്പം ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിന്റെ മാതൃകയിൽ ഒരു കോടി ആള്‍ക്കാരെ പങ്കെടുപ്പിച്ച് നടത്താന്‍ ഉദ്ദോശിക്കുന്ന പരിപാടിയുടെ ഒരു എഐ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

ALSO READ : മെസി വരില്ലെന്ന് ആര് പറഞ്ഞു; റിപ്പോര്‍ട്ടറിനെ ആരും കുറച്ചു കാണണ്ട; വിവാദങ്ങള്‍ ചാനലുകളുടെ കൊതിക്കെറുവെന്ന് ആന്റോ അഗസ്റ്റിന്‍

റിപ്പോര്‍ട്ടറിന്റെ ഈ മെസി മാസ്റ്റര്‍പ്ലാനിനെ പൊളിച്ചടുക്കി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. 50 കിലോമീറ്റര്‍ ദേശിയപാതയില്‍ ഒരു കോടി ആരാധകര്‍ക്ക് മെസിയേയും സംഘത്തേയും കാണാന്‍ അണിനിരത്തും എന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. ഇതിനെ കണക്കുകള്‍ സഹിതം പൊളിക്കുകയാണ് സന്ദീപ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ പറഞ്ഞ ദൂരത്തില്‍ നാല്‍പ്പത് ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ നിരത്താന്‍ കഴിയില്ലെന്നാണ് സന്ദീപിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

മൂന്ന് കോടി മലയാളികള്‍ക്കിടയില്‍ നിന്ന് 1 കോടി അര്‍ജന്റീനിയന്‍ ആരാധകര്‍ വരുമെന്ന കണക്ക് തലയില്‍ ആള്‍ താസമുള്ള ആരെങ്കിലും അംഗീകരിക്കുമോ എന്ന ചോദ്യവും സന്ദീപ് ഉന്നയിക്കുന്നുണ്ട്. ഓഗ്മെന്റ് റിയാലിറ്റിയില്‍ കാണിച്ചാല്‍ പോരാ, ഗ്രൗണ്ട് റിയാലിറ്റി എന്നൊന്നുണ്ട്. കേള്‍ക്കുന്ന മനുഷ്യരെല്ലാവരും വിഡ്ഢികളാണ് എന്ന് ധരിക്കരുത്. അത് കൊണ്ട് തള്ളിയ കണക്ക് കുറച്ച് കുറക്കണം എന്ന് പറഞ്ഞാണ് സന്ദീപ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

50 കിലോമീറ്ററില്‍ ദേശീയപാതയുടെ ഇരുവശത്തുമായി ഒരു കോടി അര്‍ജന്റീനിയന്‍ ആരാധകര്‍.
അതായത് ഒരു കിലോമീറ്ററില്‍ 2 ലക്ഷം മനുഷ്യര്‍.
ദേശീയപാതയുടെ ഒരു സൈഡ് ഒഴിവാക്കി സര്‍വീസ് റോഡ് രണ്ട് വശം അടക്കം എടുത്താല്‍ പരമാവധി വീതി 40 മീറ്റര്‍ .
1000 മീറ്റര്‍ ഗുണം 40 മീറ്റര്‍ = 40000 സ്‌ക്വയര്‍ മീറ്റര്‍
ഒരു മനുഷ്യന് തിരക്കില്‍പെട്ട് അപകടം വരാതെ നില്‍ക്കാന്‍ ഏറ്റവും ചുരുങ്ങിയത് വേണ്ടത് അര സ്‌ക്വയര്‍ മീറ്റര്‍ .
എങ്കില്‍ ഒരു കിലോമീറ്റര്‍ സ്ഥലം പൂര്‍ണമായും വിനിയോഗിച്ചാല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകളുടെ എണ്ണം 80000 മനുഷ്യര്‍ . ( ഇത്രയും സ്ഥലം പൂര്‍ണമായും ലഭ്യമല്ല എന്നത് വേറെ കാര്യം) .
അങ്ങനെ ആണെങ്കില്‍ പോലും അന്‍പത് കിലോമീറ്ററില്‍ ഉള്‍കൊള്ളാവുന്ന പരമാവധി മനുഷ്യരുടെ എണ്ണം നാല്‍പ്പത് ലക്ഷം. ഇതിലും കൂടുതല്‍ മനുഷ്യരെ കുത്തിക്കൊള്ളിച്ചാല്‍ ദുരന്തമായിരിക്കും സംഭവിക്കുക.
ഇനി കേരളത്തിലെ ജന സംഖ്യ ഏകദേശം മൂന്നരക്കോടി. ഇതില്‍ പുരുഷന്മാര്‍ ഏതാണ്ട് ഒന്നരക്കോടി.
ഒന്നരക്കോടി മലയാളി പുരുഷന്മാരില്‍ നിന്നും 90 ലക്ഷം അര്‍ജന്റീനിയന്‍ ആരാധകരെ ഉണ്ടാക്കേണ്ടി വരും. ബാക്കി പത്ത് ലക്ഷം സ്ത്രീ ആരാധകരെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഒരു ലക്ഷം പോലും വരില്ലെങ്കിലും. തലയില്‍ ആള്‍ താസമുള്ള ആരെങ്കിലും ഈ കണക്ക് അംഗീകരിക്കുമോ ?
ഇത്രയും കൂടുതല്‍ മനുഷ്യര്‍ ഏതാണ്ട് 50 കിലോമീറ്റര്‍ ദേശീയപാതയുടെ രണ്ടുവശത്തുമായി എത്തിച്ചേരണമെങ്കില്‍ എത്ര വാഹനങ്ങള്‍ ഉപയോഗിക്കും ? ഇതൊക്കെ പോക്കറ്റ് റോഡുകളില്‍ പാര്‍ക്ക് ചെയ്യും എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം എന്താണുള്ളത്. ദിവസങ്ങള്‍ കഴിഞ്ഞാലും അഴിയാത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടും. ഇത്രയും നേരം അന്‍പത് കിലോമീറ്ററിനുള്ളില്‍ മെഡിക്കല്‍ എമര്‍ജന്‍സി വന്നാല്‍ അവര്‍ എങ്ങനെ ആശുപത്രിയില്‍ പോകും ? ചികില്‍സ ലഭിക്കാതെ ആളുകള്‍ മരിച്ചാല്‍ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും ?
ഓഗ്മെന്റ് റിയാലിറ്റിയില്‍ കാണിച്ചാല്‍ പോരാ, ഗ്രൗണ്ട് റിയാലിറ്റി എന്നൊന്നുണ്ട്. കേള്‍ക്കുന്ന മനുഷ്യരെല്ലാവരും വിഡ്ഢികളാണ് എന്ന് ധരിക്കരുത്.
അത് കൊണ്ട് തള്ളിയ കണക്ക് കുറച്ച് കുറക്കണം..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top