റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി രാജീവ് ചന്ദ്രശേഖര്‍; ഉടമക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ നോട്ടീസ്

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ബെംഗളൂരുവില്‍ കര്‍ണാടക വ്യവസായമേഖലാ വികസനബോര്‍ഡിന്റെ ഭൂമി പാട്ടത്തിനെടുത്തശേഷം അനധികൃതമായി വിറ്റ് കോടികള്‍ തട്ടിച്ചെന്ന് വ്യാജവാര്‍ത്ത നല്‍കി എന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേനെയാണ് നോട്ടീസ്.

റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിനെ കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേയും കേസ് നല്‍കിയിട്ടുണ്ട്. കണ്‍സല്‍ട്ടിഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ്യ പാർവതി, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം 9 പേര്‍ക്കെതിരെയാണ് കേസ്. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ബിപിഎല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്ത് മാനഹാനി ഉണ്ടാക്കി എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂമി പാട്ടത്തിനെടുത്തശേഷം അനധികൃതമായി വിറ്റ് കോടികള്‍ തട്ടിച്ചെന്ന് രാജീവ് ചന്ദ്രശേഖറിന് എതിരെ പരാതി ഉയർന്നിരുന്നു. രാജീവ് ചന്ദ്രശേഖര്‍, ബിപിഎല്‍ ഇന്ത്യ ലിമിറ്റഡ്, ഉടമകളായ അജിത് ഗോപാല്‍ നമ്പ്യാര്‍, രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ അഞ്ജലി എന്നിവര്‍ക്കും മുന്‍ മന്ത്രി കട്ടസുബ്രഹ്‌മണ്യനായിഡുവിനും എതിരേ അഭിഭാഷകന്‍ കെ.എന്‍. ജഗദേഷ് കുമാറാണ് വ്യവസായമന്ത്രി എം.ബി. പാട്ടീലിന് പരാതി നല്‍കിയത്. 22 വര്‍ഷംമുന്‍പ് സുപ്രീംകോടതി തീര്‍പ്പാക്കിയ വിഷയമാണെന്നും രാജീവ് ചന്ദ്രശേഖറിന് ഒരു ബന്ധവുമില്ലെന്നും ആയിരുന്നു ഈ വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top