മാവോയിസ്റ്റ് കോട്ടകളിൽ ദേശീയ പതാക; തോക്കിന് തോൽപ്പിക്കാനാകാത്ത സ്വാതന്ത്ര്യദാഹം

ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം ഒരു ചരിത്ര സുദിനമായിരുന്നു. ആ സന്തോഷ നിമിഷത്തിന്റെ മാറ്റ് കൂട്ടുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഛത്തീസ്ഗഢിലെ ബസ്തറിൽ ഇതൊരു പുതിയ പുലരിയാണ്. ദശാബ്ദങ്ങളായി മാവോയിസ്റ്റ് ഭീകരതയുടെ കറുത്ത നിഴലിലായിരുന്ന 41 ഗ്രാമങ്ങൾ, സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായി ഭയമില്ലാതെ ദേശീയ പതാക ഉയർത്തിയിരിക്കുന്നു. ഇത് വെറുമൊരു ആഘോഷമല്ല, മറിച്ച് തോക്കിൻ മുനയിൽ നിശബ്ദമാക്കപ്പെട്ട ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണ്. ബസ്തറിലെ സുകുമ, ബിജാപൂർ, നാരായൺപൂർ ജില്ലകളിലെ ഉൾഗ്രാമങ്ങൾ ഇന്ന് ജനാധിപത്യത്തിന്റെ വലിയ വെളിച്ചത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. എന്തായിരുന്നു ഇത്രകാലം അവിടെ സംഭവിച്ചിരുന്നത്? ഈ വിപ്ലവാത്മകമായ മാറ്റം എങ്ങനെയാണ് സംഭവിച്ചത്? നമുക്ക് നോക്കാം.

Also Read : നക്സ‌ൽ സ്‌മാരകത്തിൽ ത്രിവർണ്ണ പതാക; യുവാവിനെ മാവോയിസ്റ്റുകൾ കൊന്നു

മാവോയിസ്റ്റുകളുടെ ‘ജനതാന സർക്കാർ’ എന്ന സമാന്തര ഭരണസംവിധാനമായിരുന്നു അവിടങ്ങളിൽ നിലനിന്നിരുന്നത്. ഗ്രാമീണരുടെ ജീവിതം നരകതുല്യമായിരുന്നു. സ്കൂളുകൾ തകർക്കപ്പെട്ടു, റോഡുകൾ ഇല്ലാതാക്കി, പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത തുരുത്തുകളാക്കി ഈ ഗ്രാമങ്ങളെ അവർ മാറ്റി. ദേശീയത അവരുടെ ശത്രുതയായിരുന്നു. ദേശീയ പതാക ഉയർത്തുക എന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. പതാക ഉയർത്തിയതിന്റെ പേരിൽ ഗ്രാമീണരെ ‘ജൻ അദാലത്തുകളിൽ’ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ ചരിത്രമുണ്ട്. പതാക ഉയർത്തുന്നവർ പൊലീസിന്റെ ഒറ്റുകാരനാണെന്ന് മുദ്രകുത്തപ്പെട്ടു. കറുത്ത തുണികളും മാവോയിസ്റ്റ് ബാനറുകളും മാത്രം കണ്ടുശീലിച്ച ഒരു തലമുറയാണ് അവിടെ വളർന്നത്. അവിടങ്ങളിലാണ് സമാധാനത്തോടൊപ്പം ഇന്ത്യൻ പതാകയും ഉയർന്ന് പൊങ്ങിയത്.

ഈ മാറ്റം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സുരക്ഷാ സേനകളുടെയും കൃത്യമായ പ്ലാനിംഗിന്റെയും പ്രവർത്തങ്ങളുടെയും ഫലമാണിത്. മാവോയിസ്റ്റുകളുടെ കോട്ടകളായിരുന്ന മേഖലകളിൽ സുരക്ഷാ സേന പുതിയ ക്യാമ്പുകൾ സ്ഥാപിച്ചു. ഇത് അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു. പ്രാദേശിക ഗോത്രവർഗ്ഗക്കാരെയും കീഴടങ്ങിയ മുൻ മാവോയിസ്റ്റുകളെയും ഉൾപ്പെടുത്തി രൂപീകരിച്ച സേനയെ മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് അവിടെ നടന്നത്. അവർക്ക് കാടിനെക്കുറിച്ചും അവിടുത്തെ ഭാഷയെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നു. ഇത് മാവോയിസ്റ്റുകൾക്ക് വലിയ തിരിച്ചടിയായി.

Also Read : തലയ്ക്ക് 5 ലക്ഷം വിലയിട്ട മാവോയിസ്റ്റ്; ഇന്ന് ബ്ലഡ് ബാങ്കിന്റെ കാവൽക്കാരൻ

കഴിഞ്ഞ ഒരു വർഷത്തിനിടെ ബാസവരാജു ഉൾപ്പെടെയുള്ള മുൻനിര മാവോയിസ്റ്റ് നേതാക്കളെ വധിക്കുകയോ പിടികൂടുകയോ ചെയ്തതോടെ അവരുടെ ശൃംഖല തകർന്നു. ഡ്രോണുകളും സാറ്റലൈറ്റ് ഇമേജിംഗും ഉപയോഗിച്ച് മാവോയിസ്റ്റ് താവളങ്ങൾ കൃത്യമായി കണ്ടെത്താൻ സേനയ്ക്ക് സാധിച്ചു. അതിനപ്പുറം തോക്കുകൊണ്ട് മാത്രം മാവോയിസ്റ്റ് ആശയങ്ങളെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ഭരണകൂടം തിരിച്ചറിഞ്ഞു. അതിനെ തുടർന്ന് ‘നിയാദ് നെല്ലാനാർ’ അഥവാ നിങ്ങളുടെ നല്ല ഗ്രാമം എന്ന പദ്ധതി മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഇടങ്ങളിൽ നടപ്പിലാക്കി. ഈ പദ്ധതി വഴി സെക്യൂരിറ്റി ക്യാമ്പുകൾ കേന്ദ്രീകരിച്ച് അവയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എത്തിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം അവിടെ സ്കൂളുകൾ തുറന്നു. വൈദ്യുതിയും കുടിവെള്ളവും എത്തി. റേഷൻ കടകളും ആംബുലൻസ് സൗകര്യങ്ങളും ഗ്രാമീണർക്ക് ലഭ്യമായി. ഭരണകൂടം തങ്ങളുടെ ശത്രുവല്ലെന്നും സംരക്ഷകനാണെന്നും ഗ്രാമീണർ തിരിച്ചറിഞ്ഞതോടെ മാവോയിസ്റ്റുകൾക്ക് ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇല്ലാതായി. അതോടൊപ്പം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രതിരോധ സംവിധാനങ്ങൾ കൂടി അവലംബിച്ചത് മാവോയിസ്റ്റുകളുടെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കി.

Also Read : ലോകത്തെ ഞെട്ടിച്ച ഇന്ത്യൻ നീക്കം; മാവോയിസ്റ്റുകൾക്ക് കടും പൂട്ടിട്ട് ഇന്ത്യ

ബസ്തറിലെ ഇടതൂർന്ന കാടുകൾക്കുള്ളിൽ മാവോയിസ്റ്റുകളുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ ‘ഹെറോൺ’ പോലുള്ള ദീർഘദൂര ഡ്രോണുകൾ സേന ഉപയോഗിച്ചു. തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഡ്രോണുകൾക്ക് രാത്രികാലങ്ങളിൽ പോലും മരക്കൂട്ടങ്ങൾക്കിടയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിയുന്നതായിരുന്നു. അതിർത്തി രക്ഷാസേനയും സിആർപിഎഫും ഒളിത്താവളങ്ങൾ കണ്ടെത്താൻ ഇൻഫ്രാറെഡ് ഗ്രൗണ്ട് സെൻസറുകൾ (Infrared Ground Sensors) ഉപയോഗിച്ചു. മാവോയിസ്റ്റുകൾ പതിവായി സഞ്ചരിക്കുന്ന പാതകളിൽ ഇവ സ്ഥാപിച്ചതോടെ സേനയ്ക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചു തുടങ്ങി.

കാടിനുള്ളിൽ വാർത്താവിനിമയ സൗകര്യമില്ലാത്തത് മുൻപ് സേനയ്ക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ഗതിശക്തി പോർട്ടൽ (pmgatishakti.gov.in) വഴിയുള്ള ഡിജിറ്റൽ മാപ്പിംഗും ഐഎസ്ആർഒയുടെ സഹായത്തോടെയുള്ള സാറ്റലൈറ്റ് കമ്യൂണിക്കേഷനും വന്നതോടെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അത് വലിയ വെല്ലുവിളിയായി. കൂടാതെ കവച് (Kavach) പോലുള്ള സ്ഫോടനങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാഹനങ്ങൾ വിന്യസിച്ചതോടെ ഐഇഡി ബോംബുകൾ ഉപയോഗിച്ചുള്ള മാവോയിസ്റ്റ് ആക്രമണങ്ങളുടെ വീര്യം കുറഞ്ഞു.

ഈ നീക്കങ്ങൾ ഗ്രാമീണർക്ക് നൽകിയ കരുതലും ഒത്തുചേർന്നപ്പോഴാണ് ബസ്തറിൽ വിജയഗാഥ രചിക്കപ്പെട്ടത്. തോക്കിന്റെയും ബോംബിന്റെയും ശബ്ദമല്ല, മറിച്ച് വികസനത്തിന്റെയും സ്വാതന്ത്യത്തിന്റെയും സന്ദേശങ്ങളാണ് ഇന്ന് ആ മലനിരകളിൽ പ്രതിധ്വനിക്കുന്നത്. 41 ഗ്രാമങ്ങളിൽ ഉയർന്നു പറക്കുന്ന ആ ത്രിവർണ്ണ പതാക നമ്മോട് പറയുന്നത് ജനാധിപത്യത്തിന് മുന്നിൽ വിഘടനവാദികൾക്ക് വഴി മാറേണ്ടി വരും. ബസ്തറിലെ ആ കുന്നുകളിൽ നിന്ന് ഇന്ന് കേൾക്കുന്നത് വെടിയൊച്ചകളല്ല, മറിച്ച് മാറ്റത്തിന്റെ പ്രതിധ്വനികളാണ്. തോക്കിൻമുന കൊണ്ട് വരച്ച ഭയത്തിന്റെ അതിരുകളെ വികസനത്തിന്റെ മായ്ക്കാൻ കഴിയാത്ത കരുത്തുകൊണ്ട് ആ ജനത തിരുത്തിക്കുറിച്ചിരിക്കുന്നു. പണ്ട് ഇരുൾ വിതച്ച മണ്ണിൽ ഇന്ന് ത്രിവർണ്ണാഭ വിരിയുമ്പോൾ, അത് കേവലം ഒരു പതാക ഉയർത്തലല്ല മറിച്ച് തോക്കിന് തോൽപ്പിക്കാൻ കഴിയാത്ത മനുഷ്യന്റെ സ്വാതന്ത്ര്യദാഹത്തിന്റെയും ജനാധിപത്യത്തിന്റെയും ഉജ്ജ്വല വിജയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top