ഉറക്ക ഗുളിക ഓൺലൈനായി വാങ്ങിയ അധ്യാപികയ്ക്ക് നഷ്ടമായത് 77 ലക്ഷം രൂപ; വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്

ഉറക്ക ഗുളിക വാങ്ങാൻ നെറ്റിൽ സെർച്ച് ചെയ്ത 62കാരിക്ക് നഷ്ടമായത് 77 ലക്ഷം രൂപ. ഡെൽഹി വസന്ത് കുഞ്ചിലാണ് മുൻ അധ്യാപിക ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിന് ഇരയായത്. 2024 ഓഗസ്റ്റിലാണ് ഈ തട്ടിപ്പിന്‍റെ തുടക്കം.

അധ്യാപിക പതിവായി സ്ലീപ്പിങ് പിൽസ് കഴിച്ചിരുന്നു. ഇതിനുവേണ്ടി ഇവർ നെറ്റിൽ സെർച്ച് ചെയ്ത് മരുന്നുകൾ ഓൺലൈനായി വാങ്ങുകയും ചെയ്തു. തുടർന്നാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ (NCB) യുടെ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ഒരാൾ വിളിക്കുന്നത്. നിയമവിരുദ്ധമായി മരുന്നുകൾ വാങ്ങിയെന്നും പറഞ്ഞ് ഇയാൾ അധ്യാപികയെ ഭീഷണിപ്പെടുത്തി. കൂടാതെ ഡൽഹിയിലെ മയക്കുമരുന്ന് സംഘവുമായി അധ്യാപികക്ക് ബന്ധമുള്ളതായി സംശയമുണ്ടെന്നും പറഞ്ഞു.

പരിഭ്രാന്തയായ അധ്യാപികയോട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ പണം കൈമാറണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. തുടർന്ന് മൂന്ന് ലക്ഷം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുകയും ചെയ്തു.10 ദിവസങ്ങൾക്കു ശേഷം എൻസിബി ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞു മറ്റൊരു ഫോൺ കോൾ വന്നു. താനാണ് യഥാർത്ഥ ഉദ്യോഗസ്ഥനെന്നും നഷ്ടപ്പെട്ട തുക തിരികെ കിട്ടാൻ സഹായിക്കാമെന്നും ഇയാൾ ഉറപ്പു നൽകി. രണ്ടു ദിവസം കഴിഞ്ഞ് 20,000 രൂപ തിരികെ ലഭിക്കുകയും ചെയ്തു. ഇതോടെ അധ്യാപിക ഇയാളെ വിശ്വസിച്ചു.

അതിനുശേഷം, നാലുപേർ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ ഒരു വീഡിയോ കോൾ വന്നു . അധ്യാപികയുടെ അക്കൗണ്ടുകൾ ഓപ്പൺ ചെയ്തിരിക്കുന്ന സ്ക്രീൻ ഷെയർ ചെയ്യാനും ആവശ്യപ്പെട്ടു. ഇതിലൂടെ നഷ്ടപ്പെട്ട എല്ലാ തുകയും തിരിച്ചു നൽകുമെന്നും പറഞ്ഞു. അവരെ അന്ധമായി വിശ്വസിച്ച അധ്യാപിക നെറ്റ് ബാങ്കിങ് വിവരങ്ങൾ അയച്ചു കൊടുത്തു. തൊട്ടടുത്ത നിമിഷം തന്നെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതായുള്ള മെസ്സേജുകൾ അവരുടെ മൊബൈലിൽ വന്നു. പിന്നീട് അവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

തുടർന്ന്, 2024 സെപ്റ്റംബർ 24-ന് അധ്യാപിക ഡെൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) വിഭാഗത്തിന് പരാതി നൽകി. എസിപി മനോജ് കുമാറിന്‍റെയും എസ്ഐ കരംവീറിന്റെയും നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഒൻപതു മാസങ്ങൾക്കു ശേഷമാണു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. വെറും മൂന്ന് ലക്ഷം രൂപ ഇതുവരെ തിരികെ ലഭിച്ചത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. അധ്യാപികയെ പോലെ നിരവധി പേരെ ഇവർ തട്ടിപ്പിന് ഇരയാക്കിയതായി പ്രതികളുടെ ഫോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top