ജോലി സമയം കഴിഞ്ഞാൽ ഓഫീസിൽ നിന്നുള്ള കോളുകൾ എടുക്കേണ്ട; റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ വീണ്ടും ചർച്ചയാകുന്നു

ഓഫീസ് സമയത്തിനുശേഷം ജോലി സംബന്ധമായ ഇമെയിലുകൾക്കും കോളുകൾക്കും മറുപടി നൽകാതിരിക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ’ വീണ്ടും ചർച്ചകളിൽ സജീവമാകുന്നു. ലോക്‌സഭയില്‍ സുപ്രിയ സുലെ ഈ വിഷയം മുൻ നിർത്തി സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ഡിജിറ്റൽ യുഗത്തിൽ വ്യക്തിജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള അതിർവരമ്പ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഈ നിയമത്തിൻ്റെ പ്രസക്തി ഏറുകയാണെന്ന് സുപ്രിയ സുലെ പറഞ്ഞു.
തൊഴിൽ സമ്മർദ്ദം, മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ കുറച്ച് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബിൽ അവതരിപ്പിക്കപ്പെട്ടത്. നേരത്തെ ലോക്‌സഭയിൽ അവതരിപ്പിച്ച ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ 2020’ സുപ്രധാനമായ ചില വ്യവസ്ഥകളാണ് മുന്നോട്ട് വെക്കുന്നത്.
10-ൽ അധികം ജീവനക്കാരുള്ള എല്ലാ കമ്പനികളും ‘വർക്കർ വെൽഫെയർ കമ്മിറ്റി’ രൂപീകരിക്കണം. ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുന്നതിനുള്ള വ്യക്തമായ ഒരു നയം ഈ കമ്മിറ്റി രൂപീകരിക്കണം.
നിർവചിക്കപ്പെട്ട ജോലി സമയത്തിനുശേഷം ഇമെയിലുകൾക്കോ കോളുകൾക്കോ പ്രതികരിച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുകയോ, അച്ചടക്ക നടപടി എടുക്കുകയോ, പ്രകടന വിലയിരുത്തലിൽ കുറവ് വരുത്തുകയോ ചെയ്യാൻ പാടില്ല. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ പല പ്രമുഖ ഐ ടി കമ്പനികളും മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളും ഇപ്പോൾ ആഭ്യന്തരമായി റൈറ്റ് ടു ഡിസ്‌കണക്റ്റ് നയങ്ങൾ നടപ്പാക്കി വരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here