ഗുജറാത്ത് മന്ത്രിസഭയിൽ സർപ്രൈസ് എൻട്രി; ഉപമുഖ്യമന്ത്രിയായി റിവാബ ജഡേജ

ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്. അഹമ്മദാബാദിൽ സത്യപ്രതിജ്ഞ ചെയ്ത 26 അംഗ മന്ത്രിസഭയിലാണ് ജാംനഗർ നോർത്ത് എംഎൽഎയും ഉൾപ്പെട്ടത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ ഗുജറാത്ത് മന്ത്രിമാരും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു പാർട്ടിയുടെ ഈ തന്ത്രപരമായ നീക്കം. ഇതുമായി ബന്ധപെട്ടു മുഖ്യമന്ത്രി രാജ്ഭവനിൽ ഗവർണർ ആചാര്യ ദേവവ്രതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ മന്ത്രിസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താൻ ഔദ്യോഗികമായി അനുമതി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എക്‌സിൽ ഈ വിവരം ഗവർണ്ണർ പങ്കുവച്ചിരുന്നു.
2019ലാണ് റിവാബ ജഡേജ ബിജെപിയിൽ ചേർന്നത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് രവീന്ദ്ര ജഡേജയും പ്രചാരണത്തിന് എത്തിയിരുന്നു. 50,000ത്തിലധികം വോട്ടുകളുടെ ലീഡോടെയാണ് അന്ന് റിവാബ സീറ്റ് നേടിയത്. 2024ൽ രവീന്ദ്ര ജഡേജയും ബിജെപിയിൽ ചേർന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here