പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് ആർജെഡി; വൃത്തികെട്ട ചിന്തകളുടെ പര്യായമെന്ന് ബിജെപി

കോൺഗ്രസിന് പിന്നാലെ പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് ആർജെഡിയും. ആർജെഡി നേതാവായ തേജസ്വി യാദവ് പങ്കെടുത്ത റാലിയിലാണ് അധിക്ഷേപമുണ്ടായത്. ബിജെപി നേതാവ് അമിത് മാളവ്യയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് മാളവ്യ ഇക്കാര്യം തുറന്നു പറഞ്ഞത്.
പ്രധാനമന്ത്രിയുടെ അമ്മയെ വീണ്ടും അപമാനിക്കുകയാണ്. സീതാ മാതാവിന്റെ ഭൂമിയായ ബീഹാറിലാണ് ഇതെല്ലാം നടക്കുന്നത്. കോൺഗ്രസിന് പിന്നാലെ ആർജെഡിയും തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഇതിന് പ്രോത്സാഹനം നൽകുകയാണ്. കഴിഞ്ഞദിവസം തേജസ്വി യാദവിന്റെ മുന്നിൽ വച്ച് ആർജെഡി പ്രവർത്തകർ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചിട്ടും നേതാക്കൾ മൗനം പാലിക്കുകയായിരുന്നു. ഇതുവഴി എന്ത് നേട്ടമാണ് ഇവർക്ക് ലഭിക്കുക എന്നറിയില്ല. തരംതാഴ്ത്തൽ, രാഷ്ട്രീയത്തിന് നാണക്കേടാണ്. വൃത്തികെട്ട ചിന്തകളുടെ പര്യായമാണ് ആർജെഡി. ഇവർ ഉള്ളടത്തോളം കാലം ബീഹാറിന് എന്നും നാണകേടാണെന്നും മാളവ്യ എക്സില്‍ കുറിച്ചു.
എന്നാൽ ഇതിനെതിരെ പ്രതികരണവുമായി ആർജെഡി എംഎൽഎ ഡോ മുകേഷ് റോഷനും രംഗത്തെത്തിയിരുന്നു. ആർജെഡി പ്രവർത്തകർ ആരെയും അധിക്ഷേപിച്ചിട്ടില്ല. ബിജെപി പങ്കുവെച്ച വീഡിയോയിൽ തേജസ്വി യാദവ് സംസാരിക്കുന്നത് കേൾക്കാൻ കഴിയില്ല. ഇത് ആർജെഡിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും മുകേഷ് റോഷൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ബിഹാറിൽ നടന്ന തേജസ്വി യാദവിന്റെ ‘ബിഹാർ അധികാർ യാത്ര’യ്ക്കിടെയാണ് പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചെന്ന ആരോപണം ഉയർന്നത്. എന്നിട്ടും നേതാക്കൾ ആരും ഇതിനെ എതിർത്തില്ല. കോൺഗ്രസ് പ്രധാനമന്ത്രിയുടെ അമ്മയുടെ എഐ വീഡിയോ ഇറക്കിയത് വിവാദമായിരുന്നു. അത് പിൻവലിക്കാൻ പിന്നീട് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദം ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here