കരഞ്ഞും, നിലത്ത് ഉരുണ്ടും ആർജെഡി നേതാവ്; എംപി സീറ്റിന് പണം ചോദിച്ചെന്നും ആരോപണം

ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞും കുർത്ത വലിച്ചുകീറിയും നാടകീയ പ്രതിഷേധം. മധുബാൻ നിയോജക മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന ആർജെഡി നേതാവ് മദൻ ഷായാണ് പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. പൊതുജനമധ്യത്തിൽ വച്ച്, താൻ ധരിച്ചിരുന്ന കുർത്ത വലിച്ചുകീറിയ ശേഷം നിലത്തുകിടന്നും പൊട്ടി കരഞ്ഞുമാണ് മദൻ ഷാ പ്രതിഷേധം അറിയിച്ചത്.
Also Read : പട്നയിൽ ആർജെഡി നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകം തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ
രാജ്യസഭാ എംപി സഞ്ജയ് യാദവ് തനിക്ക് സ്ഥാനാർഥിയാകണമെങ്കിൽ പണം കെട്ടിവക്കണമെന്ന് ആവശ്യപ്പെട്ടു. താൻ അതിന് വിസമ്മതിച്ചതിനാലാണ് സീറ്റ് നിഷേധിച്ചതെന്നും മദൻ ഷാ ആരോപിച്ചു. പണം കൈമാറാത്തതിനാൽ തൻ്റെ മധുബാൻ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിത്വം സന്തോഷ് കുശ്വാഹക്ക് നൽകി. “എന്നെപ്പോലെ സത്യസന്ധരും കഠിനാധ്വാനികളുമായ പ്രവർത്തകരെ പാർട്ടി അവഗണിക്കുകയാണ്. പണമുള്ളവന് മാത്രമേ പാർട്ടിക്കകത്ത് ഇപ്പോ വിലയുള്ളൂ” – നിറകണ്ണുകളോടെ മദൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു.
ഈ പ്രതിഷേധത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിഹാർ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആർജെഡി മുന്നണിക്കകത്ത് ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ട പ്രവർത്തകരുടെ പ്രതിഷേധം ആർജെഡി നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here