റോഡിലെ നിസാര തര്‍ക്കങ്ങള്‍ പോലും കൊലയില്‍ എത്തുന്നത് പതിവാകുന്ന കേരളം; പോള്‍ മുത്തുറ്റ്, ചന്ദ്ര ബോസ് ഒടുവില്‍ ഐവിനും

റോഡിലുണ്ടാകുന്ന നിസാര തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം നടക്കുന്നത് കേരളത്തില്‍ ഏതാണ്ട് പതിവായി കഴിഞ്ഞിരിക്കുകയാണ്. വാഹനത്തിന് സൈഡ് കൊടുത്തില്ല, ഓവര്‍ ടേക്കിംഗ് തര്‍ക്കം, വാഹനങ്ങള്‍ മുട്ടി ,തട്ടി, ഉരഞ്ഞു എന്നൊക്കെ പറഞ്ഞ് ഉണ്ടാകുന്ന രോഷപ്രകടനങ്ങള്‍ അഥവ റോഡ് റേജ് (Roadrage) കൊലപാതകങ്ങളില്‍ അവസാനിക്കുകയാണ്. ഇത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരിയിലും നടന്നത്. അങ്കമാലി സ്വദേശി 24 കാരനായ ഐവിന്‍ ജിജോയെ ഓവര്‍ ടേക്കിംഗിന്റെ പേരില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് വീഴ്ത്തി കൊന്ന സംഭവം നാടിനെ ആകെ ഞെട്ടിച്ച സംഭവമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരായ വിനയ് കുമാര്‍ ദാസ് , മോഹന്‍കുമാര്‍ എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇരുവരും മദ്യലഹരിയിലുമായിരുന്നു എന്നും ആരോപണവുമുണ്ട്.

റോഡ് റേജിന്റെ പേരിലുണ്ടായ കൊലപാതകങ്ങളുടെ ഓര്‍മ്മകള്‍ നാടിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ കാറിടിപ്പിക്കുക, കുത്തിക്കൊല്ലുക, അടിച്ചു കൊല്ലുക, വെടി വെക്കുക ഇതൊക്കെയാണ് മിക്കപ്പോഴും റോഡില്‍ നടക്കുന്നത്. 2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംഗ്ഷനില്‍ വെച്ചാണ് കോടീശ്വരനായ പോള്‍ ജോര്‍ജ് മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു പോലീസ് കേസ്. പിന്നീട് കേസന്വേഷിച്ച സിബിഐയും ഈ നിഗമനങ്ങള്‍ ഏതാണ്ട് ശരിവെക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഒടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവത്തില്‍ മാപ്പുസാക്ഷികളായിരുന്നു.

വ്യവസായിയും കോടീശ്വരനുമായ മുഹമ്മദ് നിഷാം രാത്രി വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ താമസിച്ചു എന്നതിന്റെ പേരില്‍ സെക്യൂരിറ്റി ഗാര്‍ഡായ ചന്ദ്ര ബോസിനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിപ്പിച്ചും തല്ലിയും കൊന്ന സംഭവും ഉണ്ടായി. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. പ്രതിയായ നിഷാമിനെ ഏഴ് വകുപ്പുകള്‍ പ്രകാരം 24 വര്‍ഷത്തെ തടവും 80,30,000 രൂപ പിഴയും കോടതി നല്‍കി ശിക്ഷിച്ചിരുന്നു.

ഈ വര്‍ഷം പുതുവത്സര ദിനത്തില്‍ റോഡിലുണ്ടായ നിസാര തര്‍ക്കത്തിന്റെ പേരില്‍ ഒരാളെ അടിച്ചു കൊന്ന ദാരുണ സംഭവമുണ്ടായി. എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് ഹനീഫ (54) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31ന് രാത്രി വൈകിയായിരുന്നു സംഭവം നടന്നത്. ഹനീഫ സഞ്ചരിച്ചിരുന്ന കാര്‍ അബദ്ധത്തില്‍ ഷിബു എന്ന വ്യക്തിയുടെ കാറില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രാത്രി തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് നടു റോഡില്‍ ബസ് തടയലും വാക്കു തര്‍ക്കവും സംഘര്‍ഷവും വലിയ വിവാദമായിരുന്നു. കാറ് ബസിന് കുറുകെ ഇട്ട് ഗതാഗത തടസമുണ്ടാക്കിയതിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസുമെടുത്തു. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നായിരുന്നു ആരോപണം. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ മേയറുടെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. വാഹനത്തിലുണ്ടായ സ്ത്രീകള്‍ക്കു നേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് മേയര്‍ ആര്യ ആരോപിച്ചത്.

2022 ഫെബ്രുവരിയില്‍ കുഴല്‍മന്ദത്ത് ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാരെ ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ മന: പൂര്‍വ്വം വണ്ടിയിടിച്ച് കൊന്ന സംഭവം മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
യാത്രയ്ക്കിടെ വഴിയില്‍വെച്ച് ബസ് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

അപകടം നടക്കുമ്പോള്‍ തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലെ ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകമായിരുന്നെന്ന് വ്യക്തമായത്. കേസില്‍ വടക്കാഞ്ചേരി ഡിപ്പോയിലെ സിഎല്‍ ഔസേപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരെത്തുടരെ ഉണ്ടാകുന്ന റോഡ് രോഷപ്രക്രടനത്തിന്റെ പേരില്‍ മനുഷ്യ ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച് സംസ്ഥാന ഗതാഗത വകുപ്പും നാറ്റ് പാക്കും സംയുക്തമായി പഠനം നടത്താന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായിരുന്ന നവ് ജ്യോദ് സിംഗ് സിദ്ദു പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ ഒരു വൃദ്ധനെ കൊന്ന കേസില്‍ പ്രതിയായി ഒരു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 1988 ഡിസംബര്‍ 27-ന്, സിദ്ധുവും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവും പട്യാലയിലെ ഷെറന്‍വാല ഗേറ്റ്-ക്രോസിംഗിന് സമീപം റോഡിന്റെ നടുവില്‍ അവരുടെ ജിപ്സി പാര്‍ക്ക് ചെയ്ത് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കയായിരുന്നു. അക്കാലത്ത് സിദ്ദു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു. നടുറോഡില്‍ കാറ് പാര്‍ക്ക് ചെയ്തതിനെ ഗുര്‍നാം സിംഗ് എന്ന 65 കാരന്‍ ചോദ്യം ചെയ്തു. വാക്കു തര്‍ക്കം മൂത്ത് അടിയായി. വൃദ്ധന്‍ റോഡില്‍ കുഴഞ്ഞു വീണു മരിച്ചു. 1999ല്‍ കീഴ് കോടതി സിദ്ദുവിനെ വെറുതെ വിട്ടെങ്കിലും ഹരിയാന – പഞ്ചാബ് ഹൈക്കോടതി കുറ്റക്കാരനായി കണ്ടെത്തി. പിന്നീട് കേസ് സുപ്രീം കോടതിയിലെത്തി. 2022 മെയില്‍ സിദ്ദുവിനെ ഒരു കൊല്ലത്തേക്ക് സുപ്രീം കോടതി ശിക്ഷിച്ചു. പഞ്ചാബ് പിസിസി പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ജയില്‍ വാസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top