നടുറോഡിലൊരു സർജറി!! ഞെട്ടിച്ച് ഡോക്ടർമാർ; ബ്ലേഡും സ്ട്രോയും ജീവൻരക്ഷാ ഉപകരണങ്ങളായി

എറണാകുളം ഉദയംപേരൂരിൽ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നടുറോഡിൽ എമർജൻസി സർജറി ചെയ്ത് വഴിയാത്രക്കാരായ ഡോക്ടർമാർ രക്ഷകരായത് വാർത്തകളിൽ നിറയുമ്പോൾ, അതെങ്ങനെ സാധിച്ചുവെന്ന കൗതുകമാണ് പലർക്കും. പത്തുപതിനഞ്ച് മൊബൈൽ ലൈറ്റുകളുടെ വെളിച്ചത്തിൽ തിരക്കേറിയ റോഡിൻ്റെ ഓരത്ത് നടത്തിയ ഓപ്പറേഷൻ ജീവിതത്തിലെ വലിയൊരു അനുഭവമായെന്ന് മാധ്യമ സിൻഡിക്കറ്റിനോട് പറയുകയാണ് ഡോക്ടർമാരുടെ സംഘത്തിൽ ഉൾപ്പെട്ട ഡോ തോമസ് പീറ്റർ.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നൽകിയത്. സാധാരണയായി ആശുപത്രികളിലെ എമർജൻസി റൂമുകളിൽ ചെയ്യുന്ന സർജറി ആണ് റോഡരികിൽ ചെയ്തത്. എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ തോമസ് പീറ്റർ, ഭാര്യ ഡോ ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ മനൂപ് എന്നിവരാണ് ജീവൻ രക്ഷിക്കാൻ കാരണക്കാരായത്.

അപകടത്തിൽ യുവാവിന്റെ മൂക്കും പല്ലും തകർന്നിരുന്നു. ഇവിടെ നിന്നുള്ള രക്തമിറങ്ങി കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആശുപത്രിയിൽ എത്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് കൈയിൽ കിട്ടിയ റേസർ ബ്ലേഡ് ഉപയോഗിച്ച് ശ്വാസനാളം തുറന്നത്. തുടർന്ന് സ്ട്രോ ഇറക്കി അതിലൂടെ ശ്വാസം നൽകി. പിന്നീട് യുവാവിനെ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഭാര്യ ഡോ ദിദിയയോടൊപ്പം രാത്രി പോകുമ്പോഴാണ് അപകടം കണ്ടതെന്ന് ഡോ തോമസ് പീറ്റർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമായിരുന്നില്ല. മറ്റൊരാൾക്ക് തലയിലായിരുന്നു പരിക്ക്. പക്ഷെ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമായിരുന്നു. അയാളുടെ കഴുത്തു മറ്റൊരാൾ പിടിച്ചിരുന്നു. പിടിച്ച രീതി കണ്ടപ്പോൾ ഒരു മെഡിക്കൽ പ്രഫഷണൽ ആണെന്ന് മനസിലായി. ചോദിച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ആണെന്ന് പറഞ്ഞു.

ഗുരുതരാവസ്ഥ കണ്ടാണ് സർജറി ചെയ്യാൻ തീരുമാനിച്ചത്. ഡോക്ടർമാർ മാത്രമല്ല അവിടെ കൂടിയിരുന്ന ആളുകളും പോലീസും ഉൾപ്പടെ എല്ലാവരും കൈകോർത്തത് കൊണ്ടാണ് ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. “സാഹചര്യം മനസിലാക്കി ആളുകൾ എത്തിച്ചുതന്ന ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് സർജറിക്ക് ചെയ്യേണ്ടിവന്നത് ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായി. ഒരു ഡിഗ്രിക്കും അവാർഡിനും നൽകാൻ കഴിയാത്ത എക്സ്പീരിയൻസ് ആയിരുന്നു അത്”; ഡോ തോമസ് പീറ്റർ വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top