മോഷണശ്രമത്തിനിടെ ട്രെയിനിൽ നിന്ന് വൃദ്ധയെ തള്ളിയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് മുംബൈയിൽ നിന്ന്

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വൃദ്ധയെ പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി കടന്നു കളഞ്ഞ മോഷ്ടാവ് അറസ്റ്റിൽ. സംഭവം നടന്ന മൂന്ന് ദിവസത്തിനു ശേഷമാണ് പ്രതിയെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നും കസ്റ്റഡിയിൽ എടുക്കുന്നത്. തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
സഹോദരന്റെ വീട്ടിലെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മുംബയിൽ നിന്ന് മടങ്ങവേയാണ് 64 കാരിയായ അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. സഹോദരനൊപ്പം ആണ് അമ്മിണി ട്രെയിനിൽ യാത്ര ചെയ്തത്. സഹോദരനായ വർഗീസ് ബാത്റൂമിലേക്ക് പോയ സമയത്താണ് പ്രതി അമ്മിണിയുടെ കയ്യിലിരിക്കുന്ന ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമം എതിർക്കാൻ ശ്രമിച്ച അമ്മിണിയെ ഇയാൾ ട്രെയിനിൽ നിന്നും ചവിട്ടി പുറത്തേക്ക് എറിഞ്ഞു. ഈ സമയം മറ്റൊരു ട്രെയിൻ അതുവഴി പോവുകയായിരുന്നു. തലനാരിഴക്കാണ് അമ്മിണി രക്ഷപ്പെട്ടത്.
യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അതിനാൽ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. ബാത്റൂമിൽ പോയ വർഗീസ് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവം മനസ്സിലായത്. ഉടനെ വർഗീസ് ടിടിഇയുടെ സഹായത്തോടെ ചങ്ങല വലിച്ച് നിർത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മിണിയെ കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മിണിയുടെ തലയ്ക്ക് നാല് സ്റ്റിച്ച് ഉണ്ട്. സംഭവത്തിനുശേഷം പ്രതിയും ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ഇയാൾ മോഷ്ടിച്ച ബാഗിൽ 8000 രൂപയും മൊബൈൽ ഫോണുമാണ് ഉണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here