‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

സംസ്ഥാന സർക്കാർ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം കാസർകോട് RRTS (Regional Rapid Transit System) പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ. പദ്ധതി വെറും പണം പാഴാക്കലാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ RRTS പ്രയോജനവുമില്ലാത്ത പദ്ധതിയാണ്. സർക്കാരിനെ ആരോ തെറ്റായ രീതിയിൽ ഉപദേശിച്ച് പറ്റിച്ചതാകാം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണിത്. പ്രഖ്യാപനങ്ങൾ നടത്തിയത് കൊണ്ട് മാത്രം പദ്ധതി വരില്ല. നടക്കില്ലെന്ന് ഉറപ്പുള്ള കാര്യം ജനശ്രദ്ധ തിരിക്കാൻ വേണ്ടി കൊണ്ടുവന്നതാകാം. ഈ പദ്ധതി തിരുവനന്തപുരം ചെങ്ങന്നൂർ റൂട്ടിൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂ. അതിനപ്പുറത്തേക്ക് നീട്ടിയാൽ ട്രെയിനിന്റെ വേഗത കുറയ്ക്കേണ്ടി വരും. പിന്നെ ഇതിൽ എന്ത് കാര്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം തൃപ്തി അറിയിക്കുകയും ഉദ്യോഗസ്ഥരെ വിടുകയും ചെയ്തെങ്കിലും കേന്ദ്രത്തിന് കത്തയക്കാൻ തയ്യാറായില്ല. ഇടതു സർക്കാർ തന്നെ മുൻകൈ എടുത്ത് തുടങ്ങിയ ആശയത്തിൽ നിന്ന് ഇപ്പോൾ എന്തിനാണ് ഈ മാറ്റമെന്ന് അദ്ദേഹം ചോദിച്ചു. സ്ഥലം ഏറ്റെടുക്കുന്ന ഘട്ടമെത്തുമ്പോൾ ഈ സർക്കാർ അധികാരത്തിൽ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ലെന്നും ഇ ശ്രീധരൻ പരിഹസിച്ചു.
സർവേ നടത്താൻ സംസ്ഥാനത്തിന്റെ സഹായം വേണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ സഹായം അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിവേഗ റെയിൽവേ എന്ന ലക്ഷ്യത്തിൽ നിന്ന് മാറി RRTS എന്ന പദ്ധതിയിലേക്ക് സർക്കാർ നീങ്ങിയതിലെ ദുരൂഹതയും സാങ്കേതികമായ പരാജയവുമാണ് ഇ ശ്രീധരൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here