കർണാടകയിൽ ആർഎസ്എസ് നിരോധിക്കാനൊരുങ്ങി സർക്കാർ; ഭരണഘടനക്കും രാജ്യത്തിന്റെ ഐക്യത്തിനും എതിരെന്ന് വാദം

കർണാടകയിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
തമിഴ്‌നാട്ടിലേതുപോലെ ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ ഐ.ടി. മന്ത്രി പ്രിയങ്ക് ഖർഗെയ്ക്ക് വധഭീഷണി വരെ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ആർ.എസ്.എസ് ശാഖകളുടെ പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖർഗെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.”പൊതുസ്ഥലങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രിയങ്ക് ഖർഗെയ്ക്ക് ഭീഷണി സന്ദേശങ്ങൾ വന്നു. തമിഴ്‌നാട് മാതൃക കർണാടക പിന്തുടരണമെന്ന് മാത്രമാണ് പ്രിയങ്ക് പറഞ്ഞത്. അതിൽ എന്താണ് തെറ്റ്? തമിഴ്‌നാട്ടിലെ ആർ.എസ്.എസ് നിയന്ത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രിയങ്ക് ഖർഗെയോ ഞാനോ അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല,” സിദ്ധരാമയ്യ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർക്കുകൾ, ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങൾ എന്നിവയുടെ പരിസരത്ത് ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു പ്രിയങ്ക് ഖർഗെയുടെ ആവശ്യം. ആർ.എസ്.എസ് ഭരണഘടനയുടെ അന്തസ്സത്തയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും എതിരാണെന്നും, ശാഖകളിലൂടെ വിദ്യാർത്ഥികളിൽ ചെറുപ്രായത്തിൽ തന്നെ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്നും പ്രിയങ്ക് ഖർഗെ ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here