മോദി ഈ വർഷം ഒഴിയുമോ? പൊതുപ്രവർത്തകർ 75ആം വയസിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്

75 വയസായാൽ പൊതുപ്രവർത്തകർ സ്വയം വിരമിക്കണമെന്നത് ആർഎസ്എസ് വളരെ പണ്ട് മുതൽ തുടർന്ന് വരുന്ന നയമാണ്. അതേ ആവശ്യം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്‌പൂരിൽ നടന്ന ‘ഗുരുപൂർണിമ’ പരിപാടിയിലാണ് പൊതു പ്രവർത്തകർ 75 വയസ്സ് തികയുമ്പോൾ എല്ലാം നിർത്തി മറ്റുള്ളവർക്ക് വഴിയൊരുക്കണമെന്ന് മോഹൻഭാഗവത് പറഞ്ഞത്. സെപ്റ്റംബർ 17 ന് 75 വയസ് പൂർത്തിയാകുന്ന നരേന്ദ്രമോദിയെ ലക്ഷ്യം വച്ചാണ് മോഹൻഭാഗവത് ഈ പരാമർശം നടത്തിയത് എന്ന ചർച്ചകൾ സജീവമാവുകയാണ്. സെപ്റ്റംബർ 11 ന് ഭഗവതിനും 75 വയസാകും.
Also Read : ബിജെപിയുടെ റിട്ടയർമെന്റ് നിയമം മോദിക്ക് ബാധകമല്ലേ? മോഹൻ ഭാഗവതിനോട് 5 ചോദ്യങ്ങൾ ഉന്നയിച്ച് കേജ്‌രിവാൾ
മോഹൻ ഭഗവതിന്റെ പരാമർശം പ്രതിപക്ഷ നേതാക്കളും ഏറ്റെടുത്തിരിക്കുന്നു. മോദി മാറണമെന്നാണ് ആർഎസ്എസ് ഉദ്ദേശിച്ചതെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കൾക്ക് 75 വയസ് തികഞ്ഞപ്പോൾ മോദി അവരെ വിരമിക്കാൻ നിർബന്ധിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം അതേ നിയമങ്ങൾക്ക് എന്ത് വില നൽകുമെന്ന് നമുക്ക് കാണാമെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു.
ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ടെന്ന മോഹൻ ഭാഗവതിന്റെ പരാമർശവും നേരത്തെ വലിയ ചർച്ചയായിരുന്നു. 2023 മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മോദിയുടെ വിരമിക്കൽ കിംവദന്തികളെ തള്ളിക്കളഞ്ഞിരുന്നു. മോദി ജി 2029 വരെ നയിക്കും. ബിജെപി ഭരണഘടനയിൽ വിരമിക്കൽ വ്യവസ്ഥയില്ല” എന്നാണ് അമിത് ഷാ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here