വാട്‌സ്ആപ്പിനോട് വിട പറഞ്ഞ് ആർഎസ്എസ്; സന്ദേശ കൈമാറ്റത്തിനായി ഇനിമുതൽ അറട്ടൈ

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളിൽ ഒന്നായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആശയവിനിമയത്തിനായി വാട്‌സ്ആപ്പിന് ബദലായി സ്വദേശീയമായി വികസിപ്പിച്ചെടുത്ത അറട്ടൈ (Arattai) എന്ന മെസ്സേജിങ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തീരുമാനിച്ചു. ഡാറ്റാ സുരക്ഷയും ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളും മുൻനിർത്തിയാണ് ആർഎസ്എസ് ഈ സുപ്രധാന മാറ്റത്തിന് ഒരുങ്ങുന്നത്. സംഘടനയുടെ പ്രധാനപ്പെട്ട വിവര കൈമാറ്റങ്ങൾക്കും, ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരുമായി ബന്ധപ്പെടുന്നതിനുമായായി ഇനി മുതൽ ആർഎസ്എസ് അറട്ടൈ ഉപയോഗിക്കും.
വിദേശ നിർമ്മിത ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകൾക്ക് ഊന്നൽ നൽകുകയും ചെയ്യുക എന്ന ആർഎസ്എസ് നിലപാടിന്റെ ഭാഗമായാണ് പുതിയ നീക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശി ഉൽപ്പന്നങ്ങളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ ആർഎസ്എസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
Also Read : വാട്സ്ആപ്പിനെതിരെ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; ‘അറട്ടൈ’ നിർദ്ദേശിച്ച് സുപ്രീം കോടതിയും
പുതിയ സ്വകാര്യതാ നയങ്ങളെക്കുറിച്ചും ഡാറ്റാ ചോർച്ചയെക്കുറിച്ചുമുള്ള ആശങ്കകൾ വാട്‌സ്ആപ്പിന്റെ ആഗോളതലത്തിലുള്ള വിശ്വാസ്യതയെ ബാധിച്ച സാഹചര്യത്തിലാണ് ആർഎസ്എസ് വാട്‌സ്ആപ് ഉപേക്ഷിക്കുന്നത്. സുരക്ഷിതവും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സൗകര്യവുമുള്ള അറട്ടൈ ആപ്ലിക്കേഷൻ, ആർഎസ്എസ് പ്രവർത്തകർക്ക് അവരുടെ ആശയവിനിമയം കൂടുതൽ സുരക്ഷിതമായി നടത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആർഎസ്എസ്സിന്റെ വിവിധ തലത്തിലുള്ള യൂണിറ്റുകൾ തമ്മിലുള്ള ആശയവിനിമയം ഇനി അറട്ടൈ മുഖേനയായിരിക്കും. സംഘടനയുടെ എല്ലാ വിഭാഗം പ്രവർത്തകരും പുതിയ ആപ്പിലേക്ക് മാറുന്നതോടെ, ഏകദേശം ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ പുതിയ സ്വദേശി പ്ലാറ്റ്‌ഫോമിലേക്ക് എത്തും. ഈ മാറ്റം, രാജ്യത്തെ മറ്റ് സംഘടനകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വദേശി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ പ്രചോദനമായേക്കും. പുതിയ ആപ്പിലേക്ക് മാറാനുള്ള നിർദ്ദേശങ്ങൾ ആർഎസ്എസ് പ്രവർത്തകർക്ക് നൽകിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി വാട്‌സ്ആപ്പിൽ നിന്നുള്ള ആശ്രിതത്വം കുറയ്ക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here