ആനി രാജയോട് സിപിഎം ഇനിയെങ്കിലും മാപ്പു പറയണം; ആര്‍എസ്എസ് അനുഭാവമുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം നടന്നിട്ടും നടപടിയില്ല

സംസ്ഥാന ജയില്‍ വകുപ്പിലെ ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം കുമരകത്ത് റിസോര്‍ട്ടില്‍ ചേര്‍ന്നതിനെക്കുറിച്ച് അന്വേഷണം പോലും നടത്താന്‍ തയാറാകാതെ പിണറായി സര്‍ക്കാര്‍. കഴിഞ്ഞ ജനുവരി 17നാണ് കുമരകത്തെ റിസോര്‍ട്ടില്‍ സ്ഥലം മാറ്റപ്പെട്ട 18 ജയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐയുടെ ദേശീയ നേതാവ് ആനി രാജ ആയിരുന്നു. ആനി രാജയുടെ പ്രസ്താവനക്കെതിരെ സിപിഎമ്മും സിപിഐ സംസ്ഥാന നേതൃത്വവും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിനെ കുറിച്ച് അന്വേഷണം വേണ്ട എന്ന നിലപാടിലാണ് ജയില്‍ വകുപ്പും സര്‍ക്കാരും. യോഗം ചേര്‍ന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഷ്ടീയ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഘടിക്കരുതെന്ന സര്‍വീസ് ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാന്‍ വിമുഖത കാണിക്കുകയാണ്. നടപടി ഒഴിവാക്കാന്‍ ബിജെപിയിലെ ഉന്നതന്‍ ഇടപെട്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം. ആനി രാജയുടെ ആരോപണങ്ങളെ സിപിഐ തള്ളിപ്പറഞ്ഞിരുന്നു. പക്ഷേ, അവരുടെ മുന്നറിയിപ്പ് ഇടതു മുന്നണിയോ സര്‍ക്കാരോ ഗൗരവത്തില്‍ എടുത്തില്ലെന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്.
ആര്‍എസ്എസ് ക്യാംപിനിടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ എഡിജിപി എംആര്‍ അജിത്കുമാര്‍ കണ്ട് ചര്‍ച്ച നടത്തിയത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. കോവളത്ത് ആര്‍എസ്എസ് നേതാവ് രാംമാധവിനേയും അജിത്കുമാര്‍ കണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഈ കൂടിക്കാഴ്ചകളെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ കാര്യമായ അന്വേഷണം നടന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here