താലിബാൻ റഷ്യ ഭായ് ഭായ്; താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. അഫ്ഗാനിസ്താനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവാണ് വിവരം പുറത്ത് വിട്ടത്. വ്യാഴാഴ്ച കാബൂളിൽ അഫ്ഗാനിസ്‌താൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിനെ അംഗീകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത ഷിർനോവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
“പോസിറ്റീവായിട്ടുള്ള ബന്ധങ്ങളുടെയും, പരസ്പര ബഹുമാനത്തിന്റെയും,ക്രിയേറ്റവയിട്ടുള്ള ഇടപെടലിന്റെയും പുതിയ ഘട്ടമാണിതെന്നും ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃക”യായിരിക്കുമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വികസനത്തിന് പ്രചോദനം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, റഷ്യൻ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വാണിജ്യപരവും സാമ്പത്തികവുമായ സഹകരണത്തിനുള്ള സാധ്യതകൾ റഷ്യ കാണുന്നുണ്ടെന്നും, തീവ്രവാദത്തിന്റെയും മയക്കുമരുന്ന് കടത്തിന്റെയും ഭീഷണികൾക്കെതിരെ പോരാടുന്നതിന് കാബൂളിനെ സഹായിക്കുന്നത് തുടരുമെന്നും അതിൽ പറയുന്നു.
Also Read : പൊതു ഇടങ്ങളിൽ ഹിജാബും ബുർഖയും നിരോധിച്ച് ഖസാഖിസ്ഥാൻ; നിരോധനം സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെ..
2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിലെ എംബസി അടച്ചുപൂട്ടാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. 2022 ൽ താലിബാനുമായി ഒരു അന്താരാഷ്ട്ര സാമ്പത്തിക കരാറിൽ ഒപ്പുവച്ച ആദ്യ രാജ്യവും റഷ്യയായിരുന്നു. കാബൂളുമായി ഒരു പൂർണ്ണ പങ്കാളിത്തം സ്ഥാപിക്കുന്നതിനായി ഈ വർഷം ഏപ്രിലിൽ റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കം ചെയ്തിരുന്നു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ശരീഅത്ത് നിയമം രാജ്യത്ത് നടപ്പിലാക്കിയതിന് പാശ്ചാത്യ സർക്കാരുകളും മാനുഷിക സംഘടനകളും താലിബാൻ സർക്കാരിനെ വിമർശിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു റഷ്യയുടെ നടപടി. കഴിഞ്ഞ നാല് വർഷമായി സ്ത്രീകൾക്ക് സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ താലിബാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണത്തിനും കർശന നിയന്ത്രണമുണ്ട്. വീടിന് പുറത്ത് സ്ത്രീകൾ സംസാരിക്കുന്നത് നിരോധിക്കുന്ന “സദ്‌ഗുണ” നിയമങ്ങൾ നടപ്പിലാക്കിയതോടെ നിയമനിർമ്മാണം കൂടുതൽ നിയന്ത്രണങ്ങൾ നിറഞ്ഞതായി മാറിയിരിക്കുന്നു.
Also Read : ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ; ‘ടെക്നിക്കൽ ഡെലിഗേഷൻ’ പുറപ്പെട്ടതായി അറിയിപ്പ്
ഈ നിയമങ്ങൾ ലിംഗ വിവേചനമാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിട്ടുണ്ട്, അതേസമയം മുൻ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരസ്യമായ ചാട്ടവാറടികളും ക്രൂരമായ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ, പാകിസ്ഥാൻ എന്നിവയെല്ലാം കാബൂളിലേക്ക് അംബാസഡർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും താലിബാൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അവരെ അംഗീകരിക്കുന്ന ഏക രാജ്യം റഷ്യയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here