റഷ്യയെ വിറപ്പിച്ച് സുനാമി; ആണവ നിലയം ഒഴിപ്പിച്ചു; ജപ്പാനിലും അമേരിക്കയിലും ആശങ്ക

റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ അതിതീവ്ര ഭൂകമ്പത്തെ തുടര്‍ന്ന് കരയിലേക്ക് അടിച്ചുകയറി സുനാമി തിരകള്‍. 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പസഫിക് സമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് – കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 14 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് കാംചത്കയിൽ ഉണ്ടായിരിക്കുന്നത്.
ഭൂകമ്പത്തിനു പിന്നാലെയാണ് റഷ്യന്‍ തീരങ്ങളില്‍ സൂനാമി തിരകള്‍ ആഞ്ഞടിച്ചത്. സൂനാമി തിരകള്‍ ജപ്പാനില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ജീവനക്കാരെ ഒഴിപ്പിച്ചത്.
അമേരിക്കയിലെ അലാസ്‌കയിലും ഹവായിയിലുമാണ് സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here