ഇന്ത്യയെ തൊട്ടാൽ കളി മാറും; ബംഗ്ലാദേശിന് റഷ്യയുടെ മുന്നറിയിപ്പ്

അതിർത്തിക്ക് അപ്പുറത്ത് ബംഗ്ലാദേശ് കത്തുകയാണ്. ഹിന്ദുവേട്ടയും, ആൾക്കൂട്ട കൊലപാതകങ്ങളും, രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് ആ രാജ്യം ശ്വാസം മുട്ടുന്നു. പക്ഷേ, ഇതിനെതിരെ ഡൽഹിയിലെ രാജവീഥികളിലും കൊൽക്കത്തയിലെ തെരുവുകളിലും ഇന്ത്യക്കാർ ഒന്നടങ്കം ഇറങ്ങിക്കഴിഞ്ഞു. അനീതിക്കെതിരെ ഇന്ത്യ ശബ്ദമുയർത്തുകയാണ്. മൈമൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കി തീയിട്ട ക്രൂരത കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയില്ല. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വന്നതിന് ശേഷം ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധത ഒരു രാഷ്ട്രീയ ആയുധമായി മാറിയിട്ടുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ, ഇന്ത്യയുമായുള്ള മുൻകാല കരാറുകൾ പുനഃപരിശോധിക്കുമെന്ന ഭീഷണി ധാക്ക മുഴക്കുന്നുണ്ട്.
Also Read : ബംഗ്ലാദേശിൽ വീണ്ടും കലാപം; മാധ്യമ സ്ഥാപങ്ങൾ കത്തിച്ചത് ഇന്ത്യൻ ബന്ധം ആരോപിച്ച്
ഈ സാഹചര്യത്തിലാണ് നയതന്ത്രപരമായ മറ്റൊരു നീക്കം നടന്നിരിക്കുന്നത്. റഷ്യൻ അംബാസഡർ ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് 1971 ഓർമ്മയുണ്ടാവണമെന്ന്. എന്തുകൊണ്ടാണ് റഷ്യ ഇങ്ങനെ പറയുന്നത്? അതിന് ഉത്തരം കിട്ടണമെങ്കിൽ ചരിത്രത്തിന്റെ താളുകൾ ഒന്ന് മറിച്ചു നോക്കണം. കിഴക്കൻ പാകിസ്ഥാനിൽ ലക്ഷക്കണക്കിന് ബംഗാളികളെ പാക് സൈന്യം കൊന്നൊടുക്കിയ കാലം. പത്തു ലക്ഷത്തിലധികം പേർ ഇന്ത്യയിലേക്ക് പ്രാണരക്ഷാർത്ഥം ഓടിയെത്തി. ലോകം മുഴുവൻ മൗനം പാലിച്ചപ്പോൾ, ഇന്ത്യ നെഞ്ചുവിരിച്ചു നിന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അയൽപ്രദേശത്ത് സമാധാനം നിലനിർത്താൻ ഇടപെടലുകൾ നടത്തി.

ഇതേസമയം ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കയും ബ്രിട്ടനും പാകിസ്ഥാനൊപ്പം ചേർന്നു. പാകിസ്ഥാന് വേണ്ടി യുഎസ് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ ഏഴാം കപ്പൽ പടയെ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചിരുന്നു. ഈ സമയത്താണ് ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ യഥാർത്ഥ കരുത്ത് ലോകം കണ്ടത്. നിക്സന്റെ ഭീഷണികൾക്ക് മുന്നിൽ പതറാതെ ഇന്ദിര ഇന്ത്യയുടെ അടുത്ത സുഹൃത്തായ സോവിയറ്റ് യൂണിയന്റെ സഹായം അഭ്യർത്ഥിച്ചു. സോവിയറ്റ് യൂണിയന്റെ കപ്പൽവ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ അണിനിരന്നു. അമേരിക്കൻ സേനക്ക് അതോടെ പിൻവലിയേണ്ടി വന്നു.
Also Read : ബംഗ്ലാദേശ് മാധ്യമങ്ങൾ ഇന്ത്യക്ക് ചാരപ്പണി ചെയ്യുന്നോ… സ്ഥാപനങ്ങൾക്ക് തീയിടുന്നതിൻ്റെ യഥാർത്ഥ കാരണം ഇതാണ്
കിഴക്കൻ പാകിസ്ഥാനിൽ അപ്പോഴേക്കും പാകിസ്ഥാൻ സൈന്യം വലിയ സൈനിക മുന്നേറ്റം നടത്തിയിരുന്നു. പാക് സൈന്യത്തിന്റെ ക്രൂരത അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ കൂടെ കൂട്ടി അപ്പോഴേക്കും ഷെയ്ഖ് മുജിബുർ റഹ്മാൻ മുക്തിബാഹിനി എന്ന പേരിൽ ഒരു സായുധസേന സജ്ജമാക്കി കഴിഞ്ഞിരുന്നു. ഇന്ത്യ ആ വിമോചന പോരാളികൾക്ക് വലിയ സഹായങ്ങൾ നൽകി. അവർക്ക് ആയുധം നൽകി സഹായിക്കുക മാത്രമല്ല, ഇന്ത്യൻ സൈന്യം ചെയ്തത്. അതിർത്തിക്കപ്പുറത്ത് പ്രത്യേക ക്യാമ്പുകൾ സ്ഥാപിച്ച് അത്യാധുനികമായ സൈനിക പരിശീലനം നൽകി. എങ്ങനെ ഒളിപ്പോര് നടത്തണമെന്നും ശത്രുവിന്റെ വാർത്താവിനിമയ ബന്ധങ്ങൾ എങ്ങനെ തകർക്കണമെന്നും ഇന്ത്യൻ സേന അവരെ പഠിപ്പിച്ചു.

മുക്തിബാഹിനിയിലെ പോരാളികൾക്ക് തോക്കുകൾ മാത്രമല്ല ഇന്ത്യ നൽകിയത്, മറിച്ച് ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പോരാട്ടവീര്യമാണ് ഇന്ത്യ ആ ജനതയ്ക്ക് അന്ന് പകർന്ന് നൽകിയത്. സ്വന്തം രാജ്യത്ത് അന്യരായിപ്പോയ ബംഗാളികളെ ഇന്ത്യൻ സൈനികർ ചേർത്തുപിടിച്ചു. ആ കരുതലിന്റെ ഫലമാണ് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രം. കേവലം 13 ദിവസം കൊണ്ട് പാക് സൈന്യത്തെ ബംഗ്ലാദേശി വിമോചന പോരാളികൾ മുട്ടുകുത്തിച്ചു. 93,000 പാക് സൈനികർ ഇന്ത്യക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനിക കീഴടങ്ങൽ.
Also Read : ലാമ മുതൽ ഷേക്ക് ഹസീന വരെ; രാഷ്ട്രീയാഭയം തേടിയവരെ കൈവിടാത്ത ഇന്ത്യയുടെ ചരിത്രം
പാകിസ്ഥാൻ ഈസ്റ്റേൺ കമാൻഡ് മേധാവി ജനറൽ എ.എ.കെ. നിയാസി ഇന്ത്യൻ കരസേനയുടെ ഈസ്റ്റേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയ ലെഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നിൽ കീഴടങ്ങൽ രേഖയിൽ ഒപ്പിട്ടതോടെ ലോകഭൂപടത്തിൽ ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം പിറവിയെടുത്തു. ഇന്ത്യയുടെ ചോരയും വിയർപ്പും കൊണ്ടാണ് ആ രാജ്യം ഉണ്ടായത്. ഇന്ത്യക്ക് നേരെ അക്രമണത്തിനൊരുങ്ങുന്ന ബംഗ്ലാദേശികളെ ആ ചരിത്രം ഓർമ്മപ്പെടുത്തുക മാത്രമാണ് റഷ്യൻ അംബാസഡർ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here