പുട്ടിൻ്റെ മലമൂത്രങ്ങൾ ശേഖരിക്കാൻ Poop Suitcase എന്ന ‘മലംബോക്സ്!! ആരോഗ്യസ്ഥിതി ശത്രുരാജ്യം അറിയാതിരിക്കാൻ രാഷ്ട്രനേതാക്കളുടെ കരുതൽ

ശീതയുദ്ധവും ചാരപ്രവർത്തനങ്ങളും സജീവമായി നിലനിൽക്കുന്ന ലോകത്ത്, നേതാക്കളുടെ മലമൂത്രവിസർജ്യം പോലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണിയാകുമെന്ന് ഭരണാധികാരികൾക്ക് നന്നായറിയാം. അലാസ്ക ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപിനൊപ്പം പങ്കെടുക്കാൻ പോയ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുട്ടിൻ്റെ മലമൂത്ര വിസർജ്യങ്ങൾ സൂക്ഷിക്കാനും അത് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകാനുമായി മാത്രം ഒരുസംഘം അനുഗമിച്ചുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിതിന് ഉപയോഗിക്കുന്ന പ്രത്യേക പെട്ടികളെയാണ് Poop Suitcase അഥവാ ‘മലംബോക്സ്’ എന്ന് വിശേഷിപ്പിക്കുന്നത്. കനത്ത സുരക്ഷയുടെ ഭാഗമായാണ് ഇത്തരം മുൻ കരുതലുകൾ.

മലമൂത്ര വിസർജ്യങ്ങൾ വഴി വ്യക്തിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ശത്രുരാജ്യത്തിന് വിവരങ്ങൾ ശേഖരിക്കാനാവും. ഇത്തരമൊരു സാധ്യത മുന്നിൽ കണ്ടാണ് പുട്ടിൻ തൻ്റെ വിസർജ്യങ്ങൾ പായ്ക്ക് ചെയ്ത് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോയത്. കമ്യൂണിസ്റ്റ് നേതാവും റഷ്യൻ ഏകാധിപതിയും ആയിരുന്ന ജോസഫ് സ്റ്റാലിൻ്റെ കാലത്ത് ഇങ്ങനെ ലോകനേതാക്കളുടെ മലമൂത്ര വിസർജ്യങ്ങൾ ശേഖരിക്കുന്ന പതിവ് ഉണ്ടായിരുന്നുവെന്ന് 2016 ഒരു റഷ്യൻ രഹസ്യാന്വേഷണ വിദഗ്ധനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ ശേഖരിക്കുന്ന ശരീരാവശിഷ്ടങ്ങൾ പരിശോധിക്കാനായി പ്രത്യേക ലബോറട്ടറി പോലും സ്റ്റാലിൻ സ്ഥാപിച്ചിരുന്നു എന്നും വെളിപ്പെടുത്തലുണ്ടായി.

1949ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും രാഷ്ട്രത്തലവനുമായ മാവോ സെദുങ്ങ് റഷ്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ വിസർജ്യങ്ങൾ ശേഖരിക്കാൻ സ്റ്റാലിൻ പ്രത്യേക ടോയിലറ്റുകൾ സ്ഥാപിച്ചിരുന്നു. മാവോയുടെ ആരോഗ്യസ്ഥിതി അറിഞ്ഞ്, ചൈനയുമായി തന്ത്രപരമായ കരാറുകളിൽ ഏർപ്പെടുന്നത് ഉചിതമാണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു ഈ മലംശേഖരണം.
മാവോയുടെ മലമൂത്രങ്ങൾ സെപ്റ്റിക് ടാങ്കിലേക്ക് പോകാതെ പ്രത്യേക അറകളിൽ ശേഖരിച്ചുവെന്ന് റഷ്യൻ ചാരപ്രവർത്തകൻ ബിബിസിയോട് പറഞ്ഞിരുന്നു. സ്റ്റാലിൻ്റെ ഈ സ്റ്റൂൾ പദ്ധതി (Stool project) പിന്നീട് അധികാരത്തിൽ വന്നവർ പിന്തുടർന്നില്ല. അവർ ഈ നാണംകെട്ട പരിപാടി അവസാനിപ്പിച്ചു.

പുട്ടിൻ റഷ്യൻ പ്രസിഡൻ്റായ കാലം മുതൽ തുടർന്നു പോരുന്ന സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മലമൂത്ര വിസർജ്യങ്ങൾ പ്രത്യേക പെട്ടികളിലാക്കി റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നത്. റഷ്യൻ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് എന്ന സംഘത്തിനാണ് ഇതിൻ്റെ മേൽനോട്ടം. പ്രത്യേകം തയ്യാറാക്കിയ സ്യൂട്ട് കേസുകളിലാണ് ഇവ ശേഖരിച്ച് മോസ്കോയിലേക്ക് കൊണ്ടുപോകുന്നത്. ഇത്തരം പെട്ടികളാണ് പൂപ്പ് സ്യൂട്ട് കേസ് (Poop suitcase) എന്ന് അറിയപ്പെടുന്നത്. 2017ൽ പാരിസിലും 2019ൽ സൗദിയിലും പോയപ്പോഴെല്ലാം റഷ്യൻ പ്രസിഡൻ്റിൻ്റെ മലമൂത്രങ്ങൾ ശേഖരിക്കാൻ ഫെഡറൽ പ്രൊട്ടക്ഷൻ ഫോഴ്സ് ഒപ്പമുണ്ടായിരുന്നു.

വിദേശ ചാര ഏജൻസികൾ തൻ്റെ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് ജീവന് അപകടമുണ്ടാക്കാൻ ശ്രമിച്ചേക്കുമെന്നും 72കാരനായ പുട്ടിൻ ഭയക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം രഹസ്യകൊലകൾ ഒരുപാട് നടത്തുന്ന ഇൻ്റലിജൻസ് ഏജൻസിയുടെ തലപ്പത്തിരുന്നതിൻ്റെ അനുഭവം നോക്കിയാൽ പുട്ടിൻ്റെ ഈ ഉൾഭയം അസ്ഥാനത്തല്ല എന്നും കരുതാം. കഴിഞ്ഞ നവംബറിലെ ഖസാക്കിസ്ഥാൻ സന്ദർശനവേളയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പുട്ടിൻ്റെ കാലിന് വിറയൽ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാർക്കിൻസൺ രോഗത്തിൻ്റെ തുടക്കമാണെന്ന് ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇത്തരമൊന്നും പുറത്തുവരാതിരിക്കാൻ ആണ് മിക്ക ലോകനേതാക്കളും Poop Suitcase മായി സഞ്ചരിക്കുന്നത്.

റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്ക- റഷ്യ ഭരണാധികാരികൾ യുഎസിലെ അലാസ്കയിൽ ഒന്നിച്ചിരുന്നത്. കാര്യമായ ധാരണയൊന്നും ഉണ്ടാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്ക് എത്തിയില്ലെന്നും പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ തുടരും എന്നാണ് പുട്ടിൻ അറിയിച്ചത്. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതേസമയം ധാരണയായ കാര്യങ്ങൾ ഏതൊക്കെയെന്ന് ട്രംപും പുടിനും ഇതുവരെ വ്യക്തത നൽകിയിട്ടില്ല

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top