എംഎം മണിയുമായുള്ള കലഹം അവസാനിച്ചത് ബിജെപി പ്രവേശനത്തിൽ; എസ് രാജേന്ദ്രൻ ഇന്നു മുതൽ താമര തണലിൽ

ദേവികുളത്തെ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിക്കും. 2006, 2011, 2016 എന്നീ വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച എസ്. രാജേന്ദ്രൻ സിപിഎമ്മിന്റെ ഇടുക്കിയിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു. ഈ മാസം ആദ്യം ബിജെപി സംസ്ഥാന അധ്യക്ഷനുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പാർട്ടി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനമായത്. ബിജെപിയിൽ ചേരുന്നതിന് താൻ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെച്ചിട്ടില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
ഇടുക്കിയിലെ സിപിഎമ്മിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്ന എസ്. രാജേന്ദ്രനും മുൻ മന്ത്രി എം.എം. മണിയും തമ്മിലുള്ള പരസ്യമായ പോര് വലിയ ചർച്ചയായിരുന്നു. മൂന്നാറിലെയും ദേവികുളത്തെയും പാർട്ടി സംവിധാനങ്ങളിൽ രാജേന്ദ്രന്റെ ആധിപത്യം അവസാനിപ്പിക്കാൻ ജില്ലാ നേതൃത്വവും മണിയാശാനും ശ്രമിക്കുന്നു എന്ന പരാതി രാജേന്ദ്രൻ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിപിഎം നേതൃത്വവുമായി രാജേന്ദ്രൻ കടുത്ത അഭിപ്രായ വ്യത്യാസത്തിലായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന പാർട്ടി അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാതിരുന്ന രാജേന്ദ്രനെ തിരിച്ചുകൊണ്ടുവരാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് പോകാനാണ് തീരുമാനിച്ചത്.
ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്കിടയിലും തമിഴ് ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിലും രാജേന്ദ്രനുള്ള സ്വാധീനം ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ അടിത്തറ വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന ബിജെപിക്ക് രാജേന്ദ്രന്റെ വരവ് വലിയ ആവേശമാണ് നൽകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here