സ്വന്തം ഭൂമിയെന്ന വാദം പൊളിഞ്ഞു; സർക്കാരിന്റെ എടുത്തുചാട്ടത്തിൽ പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് നൽകിയ സിവിൽ ഹർജി പാലാ സബ് കോടതി തള്ളി. ഇതോടെ വിമാനത്താവള പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ. മതിയായ നിയമപരമായ അടിത്തറയില്ലാതെ ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയ സർക്കാരിന് ചെറുവള്ളി എസ്റ്റേറ്റ് വിധിയിലൂടെ ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പ്രഹരം. സ്വന്തമെന്ന് സർക്കാർ അവകാശപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം കോടതി ബിലീവേഴ്‌സ് ചർച്ചിന് നൽകിയതോടെ, ഇതുവരെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ ചിലവഴിച്ച തുകയും സമയവും പാഴായെന്ന വിമർശനം ശക്തമാകുന്നു.
പദ്ധതിയുടെ ടെക്നോ-ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ടിനും മറ്റ് കൺസൾട്ടൻസി സേവനങ്ങൾക്കുമായി സർക്കാർ കോടികൾ ചിലവഴിച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗർ (Louis Berger) ഉൾപ്പെടെയുള്ള കൺസൾട്ടന്റുകൾക്ക് വലിയ തുക പ്രതിഫലം നൽകിയിട്ടുണ്ട്. 2017 അവസാനമാണ് അമേരിക്കൻ കമ്പനിയായ ലൂയിസ് ബെർഗറുമായി സർക്കാർ പ്രാഥമിക പഠനത്തിനായി കരാറൊപ്പിടുന്നത്. 4 കോടി 67 ലക്ഷം രൂപയായിരുന്നു കരാർ തുക. സർക്കാരിന്റെ ഉടമസ്ഥാവകാശം കോടതി റദ്ദാക്കിയതോടെ, സർക്കാർ നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ നിയമപരമായി നിലനിൽക്കാത്ത സാഹചര്യമാണുള്ളത്.
Also Read : ശബരിമല വിമാനത്താവള പദ്ധതിരേഖ സമര്‍പ്പിച്ചു; ഡിപിആര്‍ കേന്ദ്രം അംഗീകരിച്ചാല്‍ അഞ്ചാമത്തെ എയര്‍പോര്‍ട്ട്
സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെട്ട് ഭൂമി തിരിച്ചുപിടിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ ഉടമസ്ഥാവകാശം ട്രസ്റ്റിനാണെന്ന് കോടതി വിധിച്ചതോടെ ഇനി പദ്ധതി നടപ്പിലാക്കണമെങ്കിൽ സൗജന്യമായി ലഭിക്കുമെന്ന് സർക്കാർ കരുതിയ ഭൂമിക്ക് ഇനി കോടിക്കണക്കിന് രൂപ വിപണി വിലയായി നൽകി ഏറ്റെടുക്കേണ്ടി വരും. നേരത്തെ നടത്തിയ പഠനങ്ങൾക്കും സർവ്വേകൾക്കും പുറമെ, പുതിയ സാഹചര്യത്തിൽ വീണ്ടും നടപടികൾ ആരംഭിക്കേണ്ടി വരും.
ഭൂമി തർക്കം സിവിൽ കോടതിയുടെ പരിഗണനയിലിരിക്കെ, വിധി വരുന്നത് വരെ കാത്തുനിൽക്കാതെ ധൃതിപിടിച്ച് വിജ്ഞാപനങ്ങളും പഠനങ്ങളുമായി സർക്കാർ മുന്നോട്ട് പോയത് ഭരണപരമായ പരാജയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ നിയമോപദേശം തേടാതെയും ഉടമസ്ഥാവകാശത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാതെയും നടത്തിയ ഈ എടുത്തുചാട്ടം നികുതിപ്പണം അനാവശ്യമായി പാഴാക്കുന്നതിന് മാത്രമേ സഹായിച്ചുള്ളൂ എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഇനി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ, അത് വീണ്ടും കാലതാമസത്തിനും അധിക ചിലവിനും ഇടയാക്കും. വിമാനത്താവളം യാഥാർത്ഥ്യമാകുമോ എന്നതിനേക്കാൾ, പദ്ധതിക്കായി ചിലവഴിച്ച പൊതുപണം ആര് മറുപടി പറയും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here