സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതി അടിമുടി ദുരൂഹം

പിണറായി സർക്കാരിൻ്റെ സ്വപ്നപദ്ധതി എന്നൊക്കെ വീമ്പിളക്കിയ ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിനും മുന്നണിക്കും വലിയ തിരിച്ചടിയായി. തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ചിൻ്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടുന്ന 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനാണ് കോടതി തടയിട്ടത്. വലിയ വിമാനത്താവളത്തിനു പോലും 1200 ഏക്കർ ഭൂമി മതിയാകും എന്നിരിക്കെ എന്തിനാണ് ഇത്രയേറെ ഭൂമി എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ സർക്കാരിന് കഴിഞ്ഞില്ല എന്നത് ഇടപാടിൽ ദുരൂഹതയുണ്ടെന്ന വാദം ശക്തമാക്കുന്നു.

2,263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റും സ്വകാര്യ വ്യക്തികളുടെ 307 ഏക്കർ ഭൂമിയും ഏറ്റെടുക്കാനാണ് വിജ്ഞാപനം പുറപ്പെട്ടുവിച്ചത്. ചെറുവള്ളി എസ്റ്റേറ്റിൻ്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തന്നെ ഒട്ടേറെ കേസുകളും അവകാശവാദങ്ങളും നിലനിൽക്കുമ്പോഴാണ് സർക്കാർ ഈ സ്ഥലം ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങിയത്. ഇടപാടിനു പിന്നിൽ കമ്മീഷനടിക്കാനുള്ള സിപിഎം നേതാക്കളുടെ ശ്രമമുണ്ടെന്ന് തുടക്കത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. 2017 ജൂലൈയിലാണ് വിമാനത്താവള പദ്ധതിക്ക് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന അവകാശവാദം ഉയർത്തിയാണ് വിജ്ഞാപനമിറക്കിയത്.

Also Read : ശബരിമല വിമാനത്താവള പദ്ധതിരേഖ സമര്‍പ്പിച്ചു; ഡിപിആര്‍ കേന്ദ്രം അംഗീകരിച്ചാല്‍ അഞ്ചാമത്തെ എയര്‍പോര്‍ട്ട്

ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിയ കാലത്ത് തന്നെ ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്നു. വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനിയായ ലൂയിസ് ബർഗറിൻ്റെ (Louis Berger) യോഗ്യതയെ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. തട്ടിക്കൂട്ട് റിപ്പോർട്ട് നല്കിയ ഈ കൺസൾട്ടൻസിക്ക് ഭീമമായ തുക നൽകിയതും നിയമവിരുദ്ധമായിട്ടാണെന്നും ആരോപണം ഉയർന്നിരുന്നു. പ്രാഥമിക റിപ്പോർട്ട് നല്കിയ ഇതേ കമ്പനിക്ക് തന്നെ വിശദമായ സാധ്യതാ പഠനം നടത്താനും കരാർ നല്കിയതു തന്നെ കമ്മീഷനടിക്കാനാണ് എന്നായിരുന്നു പ്രധാന ആരോപണം.

പക്ഷേ, മുഖ്യമന്ത്രി ഈ ആരോപണങ്ങളെല്ലാം തന്നെ തള്ളിക്കളഞ്ഞിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് ലൂയിസ് ബർഗറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. 4 കോടി 63 ലക്ഷം രൂപയാണ് ലൂയിസ് ബർഗറിന് കൺസൾട്ടൻസി ഫീസായി നൽകിയത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാരിൻ്റേയും രാഷ്ടീയക്കാരായ ഇടനിലക്കാരുടേയും തിടുക്കത്തിന് പിന്നിൽ കമ്മീഷൻ തട്ടലായിരുന്നു എന്നാണ് കോടതി വിധിയിൽ നിന്നും മനസിലാക്കേണ്ടത്.

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ റിപ്പോർട്ട് നൽകിയ നിവേദിത പി ഹരൻ, രാജമാണിക്യം തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ട് പോയത്. ഹാരിസൺ മലയാളം പ്ലാൻ്റേഷൻസിൻ്റെ ഉടമസ്ഥതയിലായിരുന്ന ഈ എസ്റ്റേറ്റ് ഇപ്പോഴത്തെ ഉടമകളായ ബിലീവേഴ്‌സ് ചർച്ച് വാങ്ങിയത് തന്നെ ദുരൂഹ ഇടപാടുകളിലൂടെയാണെന്ന ആരോപണവും ഉയർന്നിരുന്നു. പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനാണ് കോടതി വിധിയിലൂടെ തിരിച്ചടിയായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top