അയ്യപ്പന്റെ യോഗദണ്ഡും കടത്തി; പന്തളം രാജാവ് സമര്‍പ്പിച്ച ദണ്ഡ് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയെന്ന് ജന്മഭൂമി പത്രം

ശബരിമല സ്വര്‍ണപാളി മോഷണവിവാദം കത്തിനില്‍ക്കേ പുതിയ ആരോപണവുമായി സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമി. പന്തളം രാജാവ് അയ്യപ്പനെ യോഗനിദ്രയിലാക്കാന്‍ അണിയിക്കുന്ന യോഗദണ്ഡും കടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ജന്മഭൂമി ഉന്നയിച്ചിരിക്കുന്നത്. അയ്യപ്പ പ്രതിഷ്ഠ സമയം മുതലുള്ള അതിപുരാതനമായ യോഗദണ്ഡ് 2018ല്‍ സ്വര്‍ണം കെട്ടാന്‍ കൊണ്ടു പോയ ശേഷം തിരികെ എത്തിച്ചത് പുതിയ യോഗദണ്ഡ് ആണ് എന്നാണ് പത്രത്തിന്റെ ആക്ഷേപം. എ പദ്മകുമാര്‍ ദേവസ്വം പ്രസിഡന്റായ കാലത്താണ് യോഗദണ്ഡ് സ്വര്‍ണം കെട്ടാന്‍ കൊണ്ടുപോയത്.

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളികള്‍ കടത്തിക്കൊണ്ടുപോയ വിവാദം സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും നിലയില്ലാക്കയത്തില്‍ എത്തിച്ചിരിക്കെയാണ് പഴയ യോഗദണ്ഡ് കാണാതായ വിവരം ജന്മഭൂമി പുറത്തു കൊണ്ടുവന്നത്. അയ്യപ്പനെ യോഗ നിദ്രയിലാക്കിയാണ് മണ്ഡല മകരവിളക്ക് സീസണ്‍, മാസപൂജ, മറ്റ് വിശേഷങ്ങള്‍ എന്നിവയുടെ അവസാന ദിവസം നട അടയ്ക്കുന്നത്. ചൂരലില്‍ തീര്‍ത്ത യോഗദണ്ഡ്, ഏക മുഖ രുദ്രാക്ഷമാല എന്നിവ ധരിപ്പിച്ച് ഭസ്മാഭിഷേകം ചെയ്താണ് യോഗ നിദ്രയിലിരുത്തുന്നത്. 2018 ലാണ് ഈ യോഗദണ്ഡ് സ്വര്‍ണം പൂശണമെന്ന പദ്ധതിക്ക് രൂപം കൊടുത്തത്.
2018 മണ്ഡലകാലം വരെ യോഗദണ്ഡും രുദ്രാക്ഷമാലയും വെള്ളി കെട്ടിയതായിരുന്നു. 2018ല്‍ മണ്ഡലകാലം കഴിഞ്ഞപ്പോള്‍ യോഗദണ്ഡ് സ്വര്‍ണം കെട്ടണമെന്നും രുദ്രാക്ഷമാലയില്‍ സ്വര്‍ണം പൂശുന്നമെന്നുമുള്ള നിര്‍ദേശം എ പദ്മകുമാര്‍ വെച്ചു എന്നാണ് ജന്മഭൂമി ആരോപിക്കുന്നത്. തന്റെ മകന് ജോലി ലഭിച്ചതിനുള്ള വഴിപാട് എന്നു പറഞ്ഞാണ് സ്വര്‍ണം കെട്ടാന്‍ സന്നിധാനത്ത് നിന്നും ഇവ കൊണ്ടുപോയത്. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് യോഗദണ്ഡ് കടത്തിയതെന്നും ആരോപിക്കുന്നുണ്ട്. ഹൈക്കോടതിയുടെ പോലും അനുമതിയില്ലാതെയാണ് കടത്തിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കടത്തിക്കൊണ്ടുപോയ യോഗദണ്ഡിനു പകരം പുതിയ യോഗദണ്ഡാണ് കൊണ്ടുവന്നത് എന്നാണ് സംഘപരിവാര്‍ പത്രം പറയുന്നത്. പഴയ യോഗദണ്ഡോ അതില്‍ കെട്ടിയിരുന്ന വെളളിയോ ദേവസ്വം അധികൃതരെ തിരിച്ചേല്‍പ്പിച്ചില്ലെന്നും പത്രം ആരോപിച്ചിട്ടുണ്ട്. ശബരിമലയില്‍ പ്രതിഷ്ഠ നടന്നപ്പോള്‍ പന്തളം രാജാവ് നടയ്ക്കുവച്ച യോഗദണ്ഡാണ് നഷ്ടപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here