വീട് കയറി സിപിഎം നേതാക്കള്‍; തദ്ദേശത്തിലെ തിരിച്ചടി നേരിടാന്‍ ഇറങ്ങി പ്രവര്‍ത്തിച്ച് ജനറല്‍ സെക്രട്ടറി മുതലുള്ളവര്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരിക്കലും കൈവിടില്ലെന്ന കരുതിയ കോര്‍പ്പറേഷനുകളിലും പഞ്ചായത്തുകളിലും കനത്ത തോല്‍വി നേരിടേണ്ടി വന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ഈ തിരിച്ചടി നേരിടാന്‍ വീടുകയറുകയാണ് സിപിഎം. ഇന്നു മുതല്‍ ജനുവരി 22 വരെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം വീടുകളില്‍ എത്തും. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയുളള സന്ദര്‍ശനം എന്നാണ് സിപിഎം ഔദ്യോഗികമായി നല്‍കിയിരിക്കുന്ന വിശദീകരണം.
ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ തിരച്ചടിക്കുളള പ്രധാന കാരണം എന്നാണ് സിപിഎം വിലയിരുത്തല്‍. ഇക്കാര്യം പാര്‍ട്ടി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എല്ലാം ഇതാണ് ഉയര്‍ന്ന് കേട്ടത്. അതുകൊണ്ട് തന്നെയാണ് വീടുകളില്‍ എത്തി അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയ ആരേയും വിടില്ലെന്ന പ്രചരണത്തിന് ശ്രമിക്കുന്നത്. നേരത്തെ ശബരിമല യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിലപാടും അതിന് എതിരായ പ്രക്ഷേഭവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഇതുപോലെ വീടുകളില്‍ എത്തി തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ഇതിന്റെ ഗുണം തുടര്‍ ഭരണമായി സിപിഎമ്മിന് ലഭിക്കുകയും ചെയ്തു.
ഇതേ മാതൃകയില്‍ പിഴവുകള്‍ ഏറ്റുപറഞ്ഞും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുക എന്നതുമാണ് ഇത്തവണത്തെ ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇതിലൂടെ മൂന്നാം പിണറായി സര്‍ക്കാര്‍ എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെ ജനം എങ്ങനെ സ്വീകരിച്ചു എന്നറിയാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here