ശബരിമലയിലെ പാളിച്ചയില്‍ പിണറായി സര്‍ക്കാര്‍ മറുപടി പറയണം; പെരുമാറ്റച്ചട്ടം പറഞ്ഞുള്ള ന്യായീകരണം ദുര്‍ബലം; ആഞ്ഞടിച്ച് പ്രതിപക്ഷം

ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങി രണ്ടാം ദിവസം തന്നെ ക്രമീകരണങ്ങള്‍ എല്ലാം പാളിയതില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. 15 മണിക്കൂറിലേറെ ക്യൂ നിന്നിട്ടും ദര്‍ശനം ലഭിക്കാത്തും ഭക്തര്‍ പന്തളത്ത് നിന്നും മാല ഊരി മടങ്ങുന്നതും പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും എന്ന് ഉറപ്പാണ്. നിലവില്‍ തന്നെ ശബരിമല സ്വര്‍ണക്കൊളളയുടെ പേരില്‍ നാണെകെട്ട് നില്‍ക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. അതിനൊപ്പമാണ് ശബരിമലയിലെ ഭക്തരുടെ ദുരിതവും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിരത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വിഎന്‍ വാസവന് അനുമതി ലഭിച്ചില്ലെന്നും പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പെട്ടന്ന് ഉണ്ടായ ഒന്നല്ല. നവംബർ പകുതിയോടെ പ്രഖ്യാപനം ഉണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഭരണകൂട വീഴ്ച തന്നെയാണ്. സീസണ്‍ തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ യോഗങ്ങള്‍ ചേര്‍ന്നും ചര്‍ച്ച ചെയ്തുമാണ് ശബരിമലയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ ഈ ഒരുക്കങ്ങളെ ബാധിക്കും എന്ന ചോദ്യത്തിനും മറുപടിയില്ല.
ശബരിമലയിലെ പ്രതിസന്ധി പ്രതിപക്ഷം സര്‍ക്കാരിന് എതിരായ ആയുധമായി ഉയര്‍ത്തി കഴിഞ്ഞു. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി എന്നാണ് വിമര്‍ശനം. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത് അപഹാസ്യമാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ആഗോള അയപ്പസംഗമം നടത്തി വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാന്‍ പുറപ്പെട്ട സിപിഎമ്മിനും പിണറായി സര്‍ക്കാരിന് തൊട്ടതെല്ലാം തിരിച്ചടിയാകുന്ന അവസ്ഥയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭക്തരെ ദുരതത്തിലാക്കുന്ന സ്ഥിതി തുടര്‍ന്നാല്‍ അതിന് ബാലറ്റില്‍ മറുപടി ലഭിക്കും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here