മരക്കൂട്ടത്ത് നിന്നും ഭക്തരെ മറ്റ് വഴികളിലൂടെ കടത്തിവിട്ടു; ശബരിമലയിലേത് പോലീസ് വീഴ്ച; തിരക്ക് ബോധപൂര്‍വം ഉണ്ടാക്കിയതെന്ന് കെ ജയകുമാർ

ശബരിമല സന്നിധാനത്തെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം പോലീസ് വീഴ്ചയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മരക്കൂട്ടത്തെ തിരക്ക് നിയന്ത്രിക്കാന്‍ ബെയ്‌ലിപാലം വഴി പോലീസ് ഭക്തരെ കടത്തിവിട്ടു. ഇതോടെ നിയന്ത്രണം മുഴുവന്‍ പാളി. മറ്റ് വഴികളിലൂടെ ബാരിക്കേഡുകള്‍ ചാടികടന്നും ഭക്തര്‍ എത്തി. ഇതുകൊണ്ടാണ് സന്നിധാനത്തെ തിരക്ക് അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചത്. തിരക്ക് ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും ജയകുമാര്‍ വിമര്‍ശിച്ചു.
ഇത്തരത്തില്‍ എത്തിയ ഭക്തരെ പതിനെട്ടാം പടി കടത്തിവിടുന്നുണ്ട്. ഇതോടെ പ്രതിസന്ധിയില്‍ അയവ് വരും. രണ്ട് മണിക്കൂര്‍ കൊണ്ട് തന്നെ ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു. സ്‌പോട്ട് ബുക്കിംഗില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരും. ഇരുപതിനായിരം പേര്‍ക്ക് മാത്രമേ ബുക്കിംഗ് അനുവദിക്കുകയുള്ളൂ. കൂടുതലായി എത്തുന്ന ഭക്തര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും. ഇതിനായി ഭക്തര്‍ക്ക് തങ്ങാന്‍ നിലക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ഇതോടെ ശബരിമലയില്‍ ഒരു ദിവസം എത്തുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷമാകും. ഇതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും എന്നും ജയകുമാര്‍ പറഞ്ഞു.
എഡിജിപി ശ്രീജിത്തിനൊപ്പം ക്രമീകരണങ്ങള്‍ കെ ജയകുമാര്‍ വിലയിരുത്തി. ഇന്ന് കേന്ദ്രസേന കൂടി എത്തുന്നതോടെ കൂടുതല്‍ ആശ്വാസം ഉണ്ടാകുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here