കടകംപള്ളിക്കെതിരെ മണിച്ചന്റെ മാസപ്പടി അടക്കം പണ്ടും ആരോപണങ്ങള്‍; ദ്വാരപാലക ശില്‍പങ്ങള്‍ വിറ്റെന്ന ആരോപണത്തില്‍ കുടുങ്ങി മുന്‍ ദേവസ്വംമന്ത്രി

താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങള്‍ മോഷ്ടിച്ച് കോടീശ്വരന് വിറ്റതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കടകംപള്ളി സുരേന്ദ്രന്‍. തനിക്ക് ഒന്നും ഒളിക്കാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത്ര നിഷ്‌കളങ്കനല്ല കടകംപള്ളി എന്നതാണ് യാഥാര്‍ത്ഥ്യം. പണ്ടും കടകംപള്ളിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മദ്യരാജാവ് മണിച്ചന്റെ മാസപ്പടി ഡയറിയില്‍ കടകംപള്ളിയുടെ പേരുണ്ടായിരുന്നു.

ALSO READ : ഗുരുവായൂരപ്പന്റെ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; കണ്ണന്റെ ‘മഞ്ചാടിക്കുരു’ പോലും അടിച്ചു മാറ്റി

ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 2000 ഒക്ടോബറില്‍ നടന്ന കല്ലുവാതിക്കല്‍ മദ്യ ദുരന്തക്കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരത്തെ അബ്കാരി കരാറുകാരനായ മണിച്ചന്റെ ഓഫിസിലും ഗോഡൗണിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ 1999 ഒക്ടോബറില്‍ നടത്തിയ റെയ്ഡിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി ഡയറി പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ മാസപ്പടി നല്‍കിയിരുന്നതായി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ആദായ നികുതി ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരുവര്‍ഷത്തോളം ഇടത് സര്‍ക്കാര്‍ ഡയറി പൂഴ്ത്തിവച്ചു. കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടായപ്പോഴാണ് ഡയറി വീണ്ടും വിവാദമായത്. ഡയറിയിലെ വെളിപ്പെടുത്തലുകള്‍ ഭരണകക്ഷിയായ സിപിഎമ്മിനെ ഊരാക്കുടുക്കിലാക്കി.

ALSO READ : ലഹരി ബിസിനസ് സിപിഎമ്മിന് എന്നും തലവേദന…. അന്ന് മണിച്ചൻ ബന്ധം; ഇന്ന് ലഹരിയിടപാടുകളിലെ ചെറുപ്പക്കാരുടെ പങ്ക്

ആര്‍ക്കൊക്കെയാണ് പണം നല്‍കുന്നത് എന്നതിനെക്കുറിച്ച് മാസപ്പടി ഡയറിയില്‍, മണിച്ചന്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം സത്യനേശന്‍, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍, അക്കാലത്തെ സിപിഐ എംഎല്‍എ ഭാര്‍ഗവി തങ്കപ്പന്‍ ഉള്‍പ്പെടെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ പല പ്രമുഖരുടെയും നീണ്ട നിരയാണ് ഡയറിയിലുണ്ടായിരുന്നത് .കോണ്‍ഗ്രസ് നേതാവായിരുന്ന എംഐ ഷാനാവാസിന്റെ പേരും ഡയറിയില്‍ ഉണ്ടായിരുന്നു. ഷാനവാസ് അക്കാലത്ത് ആറ്റിങ്ങലില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.

അന്നത്തെ എക്‌സൈസ് മന്ത്രി ടി ശിവദാസമേനോന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ആകെ 20 പേരുകളായിരുന്നു ഡയറിയിലുണ്ടായിരുന്നത്. ഡയറിയിലെ പേരുകള്‍ പുറത്തു വന്നതോടെ മണിച്ചന്‍ എന്ന അബ്കാരി തഴച്ചു വളര്‍ന്നത് സര്‍ക്കാര്‍ തണലിലായിരുന്നു എന്ന് വ്യക്തമായി. മണിച്ചന്റെ കയ്യില്‍ നിന്നു കാശു വാങ്ങിയത് പാര്‍ട്ടിക്കു വേണ്ടിയാണ് എന്ന നിലപാടാണ് കടകംപള്ളി സ്വീകരിച്ചത്.

2001ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി എകെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വന്നു. 2001 ഒക്ടോബര്‍ 15ന് കോണ്‍ഗ്രസ് അംഗമായ വര്‍ക്കല കഹാര്‍ എംഎല്‍എ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ കടകംപള്ളി അടക്കമുള്ള നേതാക്കളുടെ പങ്ക് വെളിവാക്കുന്നുണ്ട്.

കഹാറിന്റെ 49 നമ്പര്‍ചോദ്യം ഇങ്ങനെയായിരുന്നു.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചനില്‍ നിന്നും ഭരണകക്ഷി നേതാക്കളില്‍ ആരെല്ലാം എന്തു തുക വീതം മാസപ്പടി വാങ്ങിയതായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ വിഭാഗം 2000 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതെന്നു വിശദമാക്കാമോ? റിപ്പോര്‍ട്ടിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു?

മുഖ്യമന്ത്രി എകെ ആന്റണിയുടെ മറുപടി ഇങ്ങനെ:

മണിച്ചന്‍ എന്നു വിളിക്കുന്ന ചന്ദ്രന്‍ എന്ന അബ്കാരി കരാറുകാരന്‍ രാഷ്ട്രീയ പ്രവര്‍ത്തക രായ ശ്രീ. കടകംപള്ളി സുരേന്ദ്രന് 60,000 രൂപയും, ശ്രീമതി ഭാര്‍ഗവി തങ്കപ്പന് പല പ്രാവശ്യമായി 3.30 ലക്ഷം രൂപയും, സത്യനേശന് ആകെ 3.37 ലക്ഷം രൂപയും, പേരൂര്‍ക്കട സദാശിവന് 1 ലക്ഷം രൂപയും, എം.ഐ. ഷാനവാസിന് അര ലക്ഷം രൂപയും, കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്ക് 30,000 രൂപയും മുദാക്കല്‍ ശ്രീധരന് 2000 രൂപയും, അജിത് എന്നയാള്‍ക്ക് 75,000 രൂപയും നല്‍കിയതായി ഇന്‍കം ടാക്‌സ് അധികൃതര്‍ മണിച്ചനില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ വിവരിച്ചിട്ടുള്ളതായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, ഈ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ശ്രീമതി ഭാര്‍ഗവി തങ്കപ്പനും, ശ്രീമാന്‍ കടകംപള്ളി സുരേന്ദ്രനും മാത്രമേ പബ്ലിക് സെര്‍വന്റ്‌സ് എന്ന നിര്‍വചനത്തി ല്‍പ്പെടുന്നുള്ളൂ’ പിന്നീട വിജിലന്‍സ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിന്നീട് കോടതി വിട്ടയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top