ശരണമുഖരിതമായി നിയമസഭ; അമ്പലം വിഴുങ്ങികള്‍ ബാനറുമായി പ്രതിപക്ഷം; ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി രാജേഷ്

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതിപക്ഷം. ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’ എന്ന ബാനറുമായാണ് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയം ഉന്നയിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാല്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തുടരാന്‍ അനുവദിച്ചില്ല. ചോദ്യോത്തര വേളയുമായി മുന്നോട്ട് പോകാനാണ് സ്പീക്കര്‍ തീരുമാനിച്ചത്. ഇതുപ്രകാരം പ്രമോദ് നാരായണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ ക്ഷണിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും ബോര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷവും കസേരകളില്‍നിന്ന് എഴുന്നേറ്റു. ബഹളം കൂടിയതോടെ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. സഭ അല്‍പനേരത്തേക്ക് നിര്‍ത്തി.

ALSO READ : സ്വർണ്ണപ്പാളി വിവാദം പിടിച്ചുകെട്ടാൻ വഴിതേടി സിപിഎം; അയ്യപ്പ സംഗമത്തിൻ്റെ ശോഭകെടുത്തുമെന്ന് ആശങ്ക

സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഏത് വിഷയവും ചര്‍ച്ച ചെയ്യാം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണ്. നോട്ടീസ് പോലും നല്‍കാതെ സഭാ നടപടികളെ തടസപ്പെടുത്തുകയാണ്. ഇത് മര്യാദകേടാണ്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുമായാണ് സഭയിലേക്ക് എത്തിയിരിക്കുന്നത്. തെറ്റു ചെയ്തവര്‍ ആരായാലും അവരെ കൈവിലങ്ങ് അണിയിക്കും എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

ഏറെ നേരം നടുത്തളത്തില്‍ പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top