കുറ്റപത്രം വൈകുന്നു; പോറ്റിക്ക് പിന്നാലെ ജാമ്യം തേടി മുരാരി ബാബുവും; എസ്ഐടിയുടെ മെല്ലെപ്പോക്ക് പ്രതികൾക്ക് തുണയാകുന്നു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്ക് പ്രതികൾക്ക് തുണയാകുന്നു. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സാധിക്കാത്തതോടെ, പ്രതികൾ ഓരോരുത്തരായി സ്വാഭാവിക ജാമ്യത്തിന് അർഹരാവുകയാണ്. പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും ഇപ്പോൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദ്വാരപാലക ശിൽപം സ്വർണ്ണം പൂശിയതിലെ ക്രമക്കേട്, കട്ടിളപ്പാളി സ്വർണ്ണം പൂശിയതിലെ അഴിമതി എന്നീ രണ്ട് കേസുകളിലും മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടു. നിയമപ്രകാരം ഈ കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഒരു ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് കുറ്റവാളികളെ സഹായിക്കാനാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Also Read : ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കർശന ഉപാധികളോടെ; അന്വേഷണ സംഘത്തിന് പിഴച്ചത് പോറ്റിക്ക് ഗുണമായി

തനിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ മുരാരി ബാബു സമർപ്പിച്ച രണ്ട് ജാമ്യഹർജികളിലും ഇന്നലെ വാദം പൂർത്തിയായി. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. അതിൽ പരാജയപ്പെട്ടാൽ പ്രതിയെ അനിശ്ചിതകാലത്തേക്ക് തടവിൽ വെക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ തന്നെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ എസ്ഐടിയുടെ മെല്ലെപ്പോക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മുരാരി ബാബുവിന് ജാമ്യം ലഭിക്കുന്നതോടെ കേസിലെ മറ്റു പ്രതികളും ഇതേ വഴി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ജാമ്യഹർജികൾ കോടതിക്ക് മുന്നിലെത്തും. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇത് വീണ്ടും നീട്ടി നൽകാൻ എസ്ഐടി കോടതിയിൽ അപേക്ഷ നൽകും. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28-നാണ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി എന്ന വാദം വിജിലൻസ് കോടതി അംഗീകരിച്ചാലും മുരാരി ബാബുവിനെ ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന നിയമവഴികൾ എസ്‌ഐടി തേടിയേക്കും. ജാമ്യം ലഭിച്ചാല്‍ ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയില്‍ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു. നേരത്തെ ഹൈക്കോടതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നുവെങ്കിലും, കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചതോടെ സ്വാഭാവിക ജാമ്യം എന്ന പ്രതിയുടെ നിയമപരമായ അവകാശത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top