‘ദൈവത്തെ കൊള്ളയടിച്ചില്ലേ?’; എൻ വാസുവിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി; ജയിൽവാസം തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വാസു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ നിരസിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. ‘നിങ്ങൾ ദൈവത്തെ കൊള്ളയടിച്ചില്ലേ?’ എന്ന് കോടതി വാസുവിനോട് ചോദിച്ചു. എന്നാൽ താൻ കേവലം ഒരു കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. കേസിൽ തൽക്കാലം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

കേസിൽ പ്രധാന തെളിവ് ശേഖരണവും അന്വേഷണവും പൂർത്തിയായതിനാൽ താൻ ഇനി കസ്റ്റഡിയിൽ തുടരേണ്ടതില്ല. പ്രായവും നിലവിലെ മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണം തുടങ്ങിയ വാദങ്ങളാണ് എൻ. വാസു ഉയർത്തിയത്. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. നിലവിൽ 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ. വാസു. ശബരിമലയിലെ ദ്വാരപാലക പീഠത്തിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എൻ. വാസു പിടിയിലായത്.

Also Read : എൻ വാസുവിന് ജാമ്യമില്ല; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവിൽ കട്ടിളയിലെയും സ്വർണ്ണത്തിന്റെ അളവ് കുറച്ച് കാണിക്കാനും, സ്വർണ്ണത്തിന് പകരം വെറും ‘ചെമ്പ് പാളികൾ’ എന്ന് രേഖകളിൽ മാറ്റം വരുത്താനും വാസു ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ലേല നടപടികളിലും സ്വർണ്ണം പൂശുന്ന പ്രവൃത്തികളിലും പോറ്റിയുടെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയതിന് പിന്നിൽ വാസുവിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നതായാണ് മൊഴികൾ സൂചിപ്പിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തിയ അന്വേഷണത്തിൽ എൻ. വാസുവിന്റെ സാമ്പത്തിക ഇടപാടുകളും നിരീക്ഷണത്തിലാണ്. സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം ഉന്നത ഉദ്യോഗസ്ഥരിലേക്കും ബോർഡ് അംഗങ്ങളിലേക്കും എത്തിയോ എന്നാണ് ഇഡി പരിശോധിക്കുന്നത്. വാസുവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top