ശബരിമല സ്വര്‍ണക്കൊളളയില്‍ എ പത്മകുമാര്‍ അറസ്റ്റില്‍; കടകംപള്ളിയിലേക്കും അന്വേഷണം എത്തുമോ എന്ന ആശങ്കയില്‍ സിപിഎം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2019ല്‍ ശബരിമലയില്‍ നടന്ന തിരിരമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.
എന്‍ വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ സിപിഎം കടുത്ത ആശങ്കയിലാണ്. വാസുവിന്റെ അറസ്റ്റുവരെ ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന ന്യായീകരണത്തില്‍ പിടിച്ചു നിന്നു എങ്കില്‍ ഇനി അത് സാധ്യമല്ലാത്ത അവസ്ഥയിലാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികള്‍ പത്മകുമാറിന് എതിരായിരുന്നു. സിപിഎം നോമിനി തന്നെ ശബരിമലയിലെ സ്വര്‍ണക്കൊള്ളക്ക് നേതൃത്വം നല്‍കി എന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. പ്രത്യേകിച്ചും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.
പത്മകുമാറില്‍ എത്തിയ അറസ്റ്റും അന്വേഷണവും അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനിലേക്കും എത്തുമോ എന്ന ആശങ്കയും സിപിഎമ്മിലുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുളള അന്വേഷണമായതിനാല്‍ ഒരു രാഷ്ട്രീയ ഇടപെടലും സാധ്യമല്ലാത്ത സ്ഥിതിയാണ്. പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ട് ദേവസ്വം പ്രസിഡന്റുമാരും അറസ്റ്റിലാണ്. മറ്റൊരു പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ പേരിലും ആരോപണമുണ്ട്. ഇതെല്ലാം എങ്ങനെ ന്യായീകരിക്കും എന്നാണ് സിപിഎം തലപുകയ്ക്കുന്നത്.
പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ സിപിഎം നേതാവ് മുങ്ങി നടന്നത് എന്ന ചോദ്യത്തിനും ഉത്തരമാവുകയാണ്. രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും അസൗകര്യം പറഞ്ഞ് പത്മകുമാര്‍ ഒഴിവായിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് പത്മകുമാര്‍ ഇന്ന് അന്വേഷമസംഘത്തിന് മുന്നില്‍ ഹാജരായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here