പത്മകുമാറിനെ കൈവിടാതെ സിപിഎം; സ്വര്‍ണ്ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടിയെന്ന് എംവി ഗോവിന്ദന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കൈവിടാതെ സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം സിപിഎം പ്രതിരോധത്തിലായ വിഷയമായിട്ടും വേഗത്തില്‍ ഒരു നടപടി വേണ്ടെന്നാണ് സിപിഎമ്മിലെ ധാരണ. ഇന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേതൃത്വത്തിന്റെ നിലപാട് അറിയിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി തന്നെ പത്മകുമാറിനെ തള്ളിപ്പറയുകയും നടപടി എടുക്കുകയും ചെയ്താല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരിച്ചടി മനസിലാക്കി തന്നെയാണ് ഈ തീരുമാനം. ശബരിമലയില്‍ തെറ്റായ കാര്യം നടന്നു എന്ന് സമ്മതിക്കുന്നതിന് തുല്യമാകും നടപടിയെടുക്കല്‍. ജനങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു സന്ദേശം നല്‍കേണ്ടെന്നാണ് സിപിഎം ധാരണ.
കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടി തീരുമാനിക്കും എന്നാണ് എംവി ഗോവിന്ദന്‍ ജില്ലാ കമ്മറ്റിയോഗത്തിന് ശേഷം പ്രതികരിച്ചത്. ഒപ്പം ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടമാകില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ പത്മകുമാറിനെ വിമര്‍ശിക്കുകയും ചെയ്തു. വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ല എന്നായിരുന്നു ഗോവിന്ദന്റെ വിമര്‍ശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here