സിപിഎം സമാനതയില്ലാത്ത കുരുക്കിൽ; പൊലീസിനെ കൈകാര്യം ചെയ്യാൻ ഇത്ര പരാജയപ്പെട്ട കാലമില്ല; അയ്യപ്പൻ്റെ സ്വര്‍ണം കട്ടുവെന്ന ദോഷം തീരില്ല

ഇടതുമുന്നണി ഭരിച്ചിട്ടും മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്തിട്ടും പൊലീസ് വഴി ഇത്ര കനത്ത തിരിച്ചടി സിപിഎം അണികൾക്കോ നേതൃത്വത്തിനോ സ്വപ്നം കാണാൻ കഴിയുന്നതല്ല. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മുൻ പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇത്ര വലിയ പണി സിപിഎം ഒരുകാലത്തും നേരിട്ടിട്ടില്ല. പാർട്ടിക്കോ സർക്കാരിനോ എതിരെ ഉയരുന്ന ഏത് കൊടികെട്ടിയ പ്രശ്നത്തെയും പിടിച്ചുകെട്ടാൻ സിപിഎമ്മിനോളം സംഘടനാശേഷി മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും കേരളത്തിലില്ല എന്നത് വസ്തുതയാണ്.
എന്‍.വാസുവിൻ്റെ അറസ്റ്റു വരെ സിപിഎം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അറസ്റ്റുകള്‍ ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങും എന്നായിരുന്നു അന്നത്തെ വിശ്വാസം. എന്നാല്‍ ഹൈക്കോടതി ഇടപെടല്‍ കടുപ്പിച്ചതോടെ എല്ലാം കൈവിട്ട അവസ്ഥയായി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സർക്കാരിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയായി. വാസുവിന് പിന്നാലെ ഇപ്പോള്‍ പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ എകെജി സെന്റിന്റെ കഴുക്കോല്‍ ഒരു പൊലീസ് സംഘം ഊരിയെടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
എന്ത് ന്യായീകരണം നിരത്തിയാലും പത്മകുമാര്‍ അടിമുടി സിപിഎം ആണ്. 54 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം. പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതല്‍ അംഗം. കോന്നി മുന്‍ എംഎല്‍എ. പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളുടെ സെക്രട്ടറി. ചെറുപ്രായത്തില്‍ തന്നെ പത്തനംതിട്ടയിലെ സിപിഎം മുഖം. വി.എസ്- പിണറായി വിഭാഗീയതയില്‍ പിണറായിക്കൊപ്പം ഉറച്ചുനിന്നു. ഇപ്പോള്‍ ആ അടുപ്പമില്ലെങ്കിലും പാരമ്പര്യം ഇതാണ്. കോന്നിയിലും അറന്‍മുളയിലും പരാജയപ്പെട്ട് ഒതുങ്ങിപ്പോയ പത്മകുമാറിനെ വീണ്ടും പൊക്കി കൊണ്ടുവന്നതും പിണറായി തന്നെയായിരുന്നു.
മുഖ്യമന്ത്രി ആയതിന് പിന്നാലെ പത്മകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കസേരയിട്ട് ഇരുത്തി. എന്നാല്‍ അതിന് വലിയ വില നല്‍കേണ്ട അവസ്ഥയിലാണ് സിപിഎമ്മും പിണറായി വിജയനും ഇപ്പോഴെത്തി നിൽക്കുന്നത്. യുവതീപ്രവേശന വിഷയത്തില്‍ തന്നെ പിണറായിക്ക് എതിരെ നിലപാട് എടുത്ത് പത്മകുമാര്‍ ഗുഡ്ബുക്കില്‍ നിന്ന് പുറത്തായത്. ഇപ്പോള്‍ അയ്യപ്പൻ്റെ സ്വര്‍ണക്കൊള്ളക്ക് മുഴുവന്‍ നേതൃത്വം നല്‍കി, വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ എല്ലാ സാധ്യതകളും അടച്ചുകളയുന്ന അവതാരമായും പത്മകുമാർ മാറുന്ന രാഷ്ട്രീയ ചിത്രമാണ് ഇപ്പോൾ തെളിയുന്നത്.
സിപിഎമ്മിന്റെ വിദൂര ചിന്തകളില്‍ പോലുമില്ലാത്തതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ദേവസ്വം പോലെ തന്ത്രപ്രധാന സ്ഥാനത്ത് ഇരുത്തുന്നവരില്ലെല്ലാം പാർട്ടിക്ക് കൃത്യമായ പിടിയുണ്ട് എന്നാണ് പൊതുധാരണ. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ പിന്തുണയോടെ വന്ന രണ്ടുപേരുടെ കാര്യത്തില്‍ പാർട്ടിയുടെ എല്ലാ സംഘടനാ സംവിധാനവും പാളി. അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റുന്നവര്‍ എന്ന് ചാർത്തിക്കിട്ടിയ വിളി ഇനിയൊരിക്കലും മാറില്ല. അയ്യപ്പനോട് കളിച്ചാൽ അനുഭവിക്കും എന്ന ഭക്തരുടെ ശാപം വീണ്ടും എല്ലാവർക്കും എടുത്ത് പ്രയോഗിക്കാൻ എല്ലാ സാഹചര്യവും ഒരുങ്ങിക്കഴിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here