ഹരിവരാസനം എഴുതിയ ജാനകിയമ്മയുടെ ബന്ധു; അച്ഛന്‍ വെടിവഴിപാട് കരാറുകാരന്‍; പത്മകുമാറിന് ശബരിമലയുടെ മുക്കുംമൂലയും ചിരപരിചിതം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് ശബരിമലയുമായുളള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ജന്മനാൽ ഉള്ളതെന്ന് വേണമെങ്കിൽ പറയാം. കുടുംബപരമാണ് ആ ബന്ധം. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള സിപിഎം നേതാവ് എന്ന നിലയില്‍ പിന്നീടാണ് അദ്ദേഹം ശബരിമലയുമായി ബന്ധപ്പെട്ട് തുടങ്ങിയത്. ശ്രീകോവിലിലെ തങ്കപ്പാളികളെ കുറിച്ച് മാത്രമല്ല ശബരിമലയിലെ എല്ലാ വിവരങ്ങളും കൃത്യമായി അറിയാവുന്ന ഉള്ളിലെ ആൾ തന്നെയായ അതേ പത്മകുമാർ ആണിപ്പോൾ അയ്യപ്പൻ്റെ സ്വർണം ഉരുക്കിവിറ്റ കേസിൽ പെട്ടിരിക്കുന്നത്.

ശബരിമലയിലെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയതെന്ന് കരുതുന്ന പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ കുടുംബത്തിലെ ഇളമുറക്കാനാണ് പത്മകുമാര്‍. ഇത് മാത്രമല്ല, അച്ഛന്‍ പി അച്യുതന നായരാകട്ടെ, ശബരിമലയിലെ വെടി, തേങ്ങ കരാറുകാരനായിരുന്നു. വര്‍ഷങ്ങളോളം പത്മകുമാറിന്റെ കുടുംബം തന്നെയാണ് ഈ കരാര്‍ കൈകാര്യം ചെയ്തിരുന്നത്. അങ്ങനെയും ശബരിമലയുമായി വര്‍ഷങ്ങളുടെ അടുപ്പം പുലർത്തിയിരുന്നു പത്മകുമാര്‍.

ഇക്കാലമെല്ലാം ഈ ക്ഷേത്രത്തോട് ചേർന്നുനിന്ന് പ്രവർത്തിച്ചത് കൊണ്ടു തന്നെ ശ്രീകോവില്‍ വിജയ് മല്യ സ്വര്‍ണം പൂശി നൽകിയതിനെക്കുറിച്ചെല്ലാം നല്ല മണിമണി പോലെ അറിയാവുന്ന ആളാണ് പത്മകുമാര്‍. എന്നാല്‍ സ്വര്‍ണപ്പാളി കടത്തി എന്ന വാര്‍ത്ത അറിഞ്ഞ് താന്‍ നോക്കിയപ്പോള്‍ ചെമ്പ് പാളിയെന്നാണ് തോന്നിയത്, എന്നായിരുന്നു പത്മകുമാര്‍ അന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി ഈ പരിപാവന സന്നിധിയിൽ നടത്തിയ എല്ലാ കൊള്ളയെക്കുറിച്ചും പത്മകുമാറിന് അറിവുണ്ടെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.

സിപിഎം പത്തനതിട്ടയില്‍ ഏറെ പ്രതീക്ഷവച്ച നേതാവായിരുന്നു എ പത്മകുമാര്‍. 1991ല്‍ മുപ്പത്തിനാലാമത്തെ വയസിലാണ് കോന്നിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്. എന്നാല്‍ പിന്നീട് ആ രാഷ്ട്രീയ വളര്‍ച്ച പത്മകുമാറിന് ഉണ്ടായില്ല. ജില്ലാ നേതാക്കളിൽ ഒരാളായി മാത്രം ഒതുങ്ങിപോയി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോഴാണ് പത്മകുമാറിനെ കുറിച്ച് പിന്നീട് കേട്ടത്. അപ്പോള്‍ ലഭിച്ച സ്ഥാനം കൊള്ളയടിക്കാന്‍ ഉപയോഗിച്ചതോടെ ജയിലിലേക്കുള്ള വഴിയും തെളിഞ്ഞു.

സിപിഎമ്മുമായി ഇപ്പോള്‍ പത്മകുമാറിന് നല്ല ബന്ധമില്ല. സ്ത്രീപ്രവേശന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് എതിരെ സംസാരിച്ചതോടെ തന്നെ ഗുഡ്ബുക്കില്‍ നിന്നും പത്മകുമാര്‍ തെറിച്ചു. കഴിഞ്ഞ സിപിഎം സമ്മേളന കാലത്ത് പത്മകുമാറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിൻ്റെ പേരിൽ ചെറിയ കലഹം സോഷ്യല്‍ മീഡിയയില്‍ നടത്തിയെങ്കിലും അത് തുടർന്ന് കൊണ്ടുപോകാനുള്ള ശേഷിയില്ലാതെ പത്മകുമാർ കീഴടങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top