പോറ്റിക്ക് മന്ത്രിയുമായും തന്ത്രിയുമായും ബന്ധം; എ പത്മകുമാറിന്റെ മൊഴികളില്‍ ആശങ്കപ്പെടുന്നവര്‍ ഏറെ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്‍കുന്ന മൊഴികളില്‍ ആശങ്കപ്പെടുന്നവര്‍ ഏറെ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയായ കണ്ഠരര് രാജീവരരുമായി അടുത്ത ബന്ധമെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. പോറ്റി ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി,
താന്‍ ദേവ്‌സ്വം ബോര്‍ഡ് പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സജീവമായിരുന്നു. എല്ലാ സഹായവും അപ്പോഴും ലഭിച്ചിരുന്നു. തന്ത്രിയുടെ ആളായിട്ടാണ് അന്ന് അറിയപ്പെട്ടിരുന്നത്. താന്‍ പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ദേവസ്വം ഉദ്യോഗസ്ഥരെ കൊണ്ട് എല്ലാ സഹായങ്ങളും നേടിയെടുത്തത്. സന്നിധാനത്തെ തന്റെ മുറി പോറ്റിക്ക് നല്‍കിയത് ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം,
സ്വര്‍ണക്കൊള്ള നടന്നു എന്ന് പത്മകുമാര്‍ ഇതുവരേയും അംഗീകരിച്ചിട്ടില്ല. പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടത്തിയത്. കട്ടിളപാളികള്‍ക്ക് കാലപഴക്കത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നടപടി സ്വീകരിച്ചത്. അല്ലാതെ പോറ്റിക്ക് സ്വര്‍ണം തട്ടാനല്ല എന്നാണ് പത്മകുമാര്‍ പറഞ്ഞിരിക്കുന്നത്. തീരുമാനം താന്‍ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് എന്നും പത്മകുമാര്‍ ആവര്‍ത്തിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here