ഡി മണി വെറും പാവം; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് SIT റിപ്പോര്‍ട്ട്

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉയര്‍ന്ന പേരാണ് തമിഴ്‌നാട് സ്വദേശി ഡി മണി എന്നത്. ഡിണ്ടിഗല്‍ മണി, എംഎസ് മണി തുടങ്ങിയ പേരുകളില്‍ സ്വര്‍ണക്കൊളളയുടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഡി.മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് എസ്‌ഐടി അറിയിച്ചിരിക്കുന്നത്. ഡിണ്ടിഗല്‍ സ്വദേശിയായ മണിയുടെ വീട്ടിലും ഓഫീസിലും സുഹൃത്തിന്റെ വീട്ടിലും അടക്കം എസ്‌ഐടി പരിശോധന നടത്തയിരുന്നു. കൂടാതെ രണ്ടുവട്ടം വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. തമിഴ്‌നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ എസ്‌ഐടിയുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഒരു ബന്ധവും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലോടെയാണ് രാജ്യാന്തര വിഗ്രഹക്കടത്ത് സംഘവും ഡി മണിയുമെല്ലാം അന്വേഷണ പരിധിയില്‍ വന്നത്. രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായിയില്‍നിന്ന് വിവരം ലഭിച്ചതായാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. തുടര്‍ന്ന് വ്യവസായിയുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴി. ഇതിനായി ഒരു ബാഗ് നിറയെ പണവുമായി മണി കേരളത്തില്‍ എത്തിയെന്നും മൊഴി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഇതൊന്നും തെളിയിക്കാന്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണി തിരുവനന്തപുരത്ത് എത്തിയത് വ്യക്തപരമായ കാര്യങ്ങള്‍ക്കാണ് എന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here