അയ്യപ്പന്റെ പൊന്ന് ബിനാമി ബിസിനസ്സിലേക്ക് മറിച്ചോ?; ഓപ്പറേഷൻ ഗോൾഡൻ ഷാഡോയുമായി ഇഡി

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രാജ്യവ്യാപക പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന് പേരിട്ടിരിക്കുന്ന ഈ മിന്നൽ പരിശോധന കേരളം, തമിഴ്‌നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ഒരേസമയമാണ് നടക്കുന്നത്.
ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണം ശുദ്ധീകരിക്കുന്ന കരാറിലും വിതരണത്തിലും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളും അഴിമതിയും നടന്നെന്ന പരാതിയിലാണ് ഇ.ഡി ആക്ഷൻ. മുൻ ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ, സ്വർണ്ണ വ്യാപാരികൾ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 20-ലധികം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മുൻ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരുടെ വീടുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നു. മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധനയുണ്ടായി.
കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ വീടുകളിലും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂടുള്ള വസതിയിലും ഉദ്യോഗസ്ഥരെത്തി. സ്വർണ്ണ ശുദ്ധീകരണ കരാർ ഏറ്റെടുത്ത സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് തുടർന്നു.
ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികൾ ശുദ്ധീകരിക്കുന്ന പ്രക്രിയയിൽ വൻതോതിലുള്ള സ്വർണ്ണം കടത്തപ്പെട്ടതായും, അതിന്റെ ലാഭം കള്ളപ്പണമായി വെളുപ്പിച്ചതായും ഇ.ഡി സംശയിക്കുന്നു. സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച പണം ബിനാമി പേരുകളിൽ ഭൂമിയിലും മറ്റ് ബിസിനസ്സുകളിലും നിക്ഷേപിച്ചതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ തൂക്കത്തിലും ഗുണനിലവാരത്തിലും തിരിമറി നടത്താൻ വ്യാജ രേഖകൾ നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ ചെന്നൈയിലെയും ബംഗളൂരുവിലെയും സ്വർണ്ണ വ്യാപാരികൾക്ക് ഇതിൽ പങ്കുണ്ടെന്ന കണ്ടെത്തലാണ് മൂന്ന് സംസ്ഥാനങ്ങളിലെ റെയ്ഡിന് പിന്നിൽ.
Also Read : വാജിവാഹനം തന്ത്രിയുടെ വീട്ടിൽ, അഷ്ടദിക്ക്പാലകരെ കാണാനില്ല; ശബരിമലയിൽ ദുരൂഹത തുടരുന്നു
നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം ക്രിമിനൽ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കാനാണ് ഇ.ഡി രംഗത്തെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മുൻ ദേവസ്വം ഭാരവാഹികളെ കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംസ്ഥാന അന്വേഷണ ഏജൻസിക്കൊപ്പം കേന്ദ്ര ഏജൻസിയും രംഗത്തിറങ്ങുന്നതോടെ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. സ്വർണ്ണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് മണത്തറിഞ്ഞ ഇ.ഡി, പിഎംഎൽഎ ആക്ട് പ്രകാരം കേസ് എടുക്കുക വഴി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി മുതൽ തന്ത്രി കണ്ഠരര് രാജീവർ വരെയുള്ള പ്രതിപ്പട്ടികയിലെ 15 പേർക്കും ഇ.ഡിയുടെ ഇസിഐആർ ബാധകമാകും. എസ്ഐടിയുടെ എഫ്ഐആർ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ഇ.ഡി ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യ അന്വേഷണമാണ് ഇപ്പോൾ വമ്പൻ നീക്കങ്ങളിലേക്ക് വഴിമാറുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here