ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ സിബിഐ വരുമോ? പത്മകുമാറിനും ഗോവർദ്ധനും ജാമ്യം ലഭിക്കുമോ? നിർണ്ണായക തീരുമാനം ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവർ നൽകിയ ജാമ്യ ഹർജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ നിർണായക പ്രതികളായ ഇവരുടെ ജാമ്യാപേക്ഷകളിൽ കോടതി എന്ത് തീരുമാനം എടുക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ര്ടീയ കേരളം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നൽകിയ ഹർജി കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നതിനാൽ ഇന്നത്തെ കോടതി നടപടികൾക്ക് വലിയ പ്രാധാന്യമുണ്ട്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ് എ പത്മകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ഭരണപരമായ ചുമതലകൾ മാത്രമാണ് താൻ നിർവഹിച്ചതെന്നും, ഒരു തീരുമാനവും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. എല്ലാ തീരുമാനങ്ങളും ബോർഡിന്റെ കൂട്ടായ തീരുമാനങ്ങളായിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു.
താൻ നിരപരാധിയാണെന്നും വർഷങ്ങളായി ശബരിമലയിലെ ഭക്തനും വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയുമാണെന്നാണ് ഗോവർദ്ധൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് ഇതുവരെ ഒന്നരക്കോടിയിലധികം രൂപയുടെ സംഭാവന നൽകിയ തനിക്ക് സ്വർണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നാണ് വാദം. ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ അതിന്റെ മൂല്യത്തിന് തുല്യമായ പണവും സ്വർണ്ണമാലയും തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഗോവർദ്ധന്റെ കയ്യിൽ നിന്നും പിടികൂടിയ സ്വർണ്ണത്തിന്റെയും ശബരിമലയിലെ ശ്രീകോവിൽ വാതിലിലും ദ്വാരപാലക ശില്പങ്ങളിലും നിലവിലുള്ള ലോഹക്കൂട്ടുകളുടെയും ശാസ്ത്രീയ പരിശോധന നടത്താൻ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരുടെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ.
ശബരിമലയിലെ ശ്രീകോവിൽ വാതിലിലും ദ്വാരപാലക ശില്പങ്ങളിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് ആറാഴ്ചത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. കേസ് ഡയറിയും ഇതുവരെയുള്ള അന്വേഷണ പുരോഗതിയും വിലയിരുത്തിയ ശേഷമായിരിക്കും ജാമ്യാപേക്ഷകളിൽ കോടതി അന്തിമ തീരുമാനമെടുക്കുക. അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇന്ന് വ്യക്തത ഉണ്ടായേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here