അയ്യപ്പന്റെ പൊന്ന് കട്ടവർക്ക് തിരിച്ചടി; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിച്ച് കോടതി

ശബരിമലയിലെ സ്വർണപ്പാളികളിൽ തിരിമറി നടത്തിയ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം നിഷേധിക്കുന്നത്.
ശബരിമല ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക ശിൽപങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അറ്റകുറ്റ പണിക്കായി കൊണ്ടുപോയതിൽ വൻ അഴിമതി നടന്നതായാണ് കണ്ടെത്തൽ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈമാറിയതിൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, എൻ. വാസു തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.
Also Read : വാജിവാഹനം തന്ത്രിയുടെ വീട്ടിൽ, അഷ്ടദിക്ക്പാലകരെ കാണാനില്ല; ശബരിമലയിൽ ദുരൂഹത തുടരുന്നു
പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. കൂടാതെ, തന്ത്രി കണ്ഠര് രാജീവര് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നീളുന്ന ഘട്ടത്തിൽ ഒന്നാം പ്രതി പുറത്തിറങ്ങുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. നേരത്തെ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം കേസിൽ തന്ത്രി കണ്ഠര് രാജീവരെയെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിൽ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here