ഇമെയിൽ തെളിവുകൾ കുരുക്കായി; ഇനി ആശ്രയം പരമോന്നത കോടതി മാത്രം; ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ച് എൻ വാസു

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. കഴിഞ്ഞ ഡിസംബർ 19-ന് കേരള ഹൈക്കോടതി എൻ വാസുവിന്റെയും മറ്റ് രണ്ട് മുൻ ഉദ്യോഗസ്ഥരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ എൻ വാസുവിനെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ജാമ്യം നിഷേധിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് വാസു ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

2019-ൽ ദേവസ്വം കമ്മിഷണറായിരിക്കെ, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ ചെമ്പ് പാളികളാണെന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയെന്നാണ് വാസുവിനെതിരെയുള്ള പ്രധാന കുറ്റം. സ്വർണം മോഷണം പോകാൻ സൗകര്യമൊരുക്കുന്ന രീതിയിൽ പ്രതികളെ സഹായിച്ചുവെന്നും മോഷണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി അയച്ച ഇമെയിലുകളും എൻ വാസു നൽകിയ ശുപാർശകളും കുറ്റകൃത്യത്തിൽ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. 2019 ഡിസംബർ 9-നാണ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി എൻ വാസുവിന് ഇമെയിൽ അയച്ചത്.

Also Read : വാസുവിനെ കസേരയിട്ട് ഇരുത്തിയ സിപിഎം മറുപടി പറയേണ്ടിവരും!! മാര്‍ച്ച് 19ന് സ്വര്‍ണപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തി; 31ന് വിരമിച്ചു

ശബരിമല ശ്രീകോവിൽ വാതിലിലെയും ദ്വാരപാലക വിഗ്രഹങ്ങളിലെയും സ്വർണ്ണപ്പണികൾ കഴിഞ്ഞപ്പോൾ തന്റെ പക്കൽ കുറച്ച് സ്വർണ്ണം ബാക്കിയുണ്ടെന്നും, അത് പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹത്തിന് നൽകാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചുകൊണ്ടായിരുന്നു ഈ ഇമെയിൽ. തനിക്ക് ഈ മോഷണത്തിൽ പങ്കില്ലെന്നും കീഴുദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിന്റെ വാദം. കട്ടിളപ്പാളിയിൽ സ്വർണം പൊതിഞ്ഞതായി രേഖകളില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

ശ്രീകോവിലിലെ സ്വർണം പൂശിയ പാളികൾ പോളിഷ് ചെയ്യാനായി കൊണ്ടുപോയ സമയത്ത് അവ മാറ്റി പകരം ചെമ്പ് പാളികൾ വെച്ചുവെന്നാണ് കേസ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെത്തുടർന്ന് കഴിഞ്ഞ നവംബർ 11-നാണ് എൻ വാസു അറസ്റ്റിലായത്. വാസുവിന്റെ ജാമ്യാപേക്ഷ വരും ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കും. കേസിൽ ഇ ഡി അന്വേഷണവും പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ തീരുമാനം നിർണ്ണായകമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top