എൻ വാസുവിന് ജാമ്യമില്ല; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വാസു സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിക്കൊണ്ടാണ് കോടതി നടപടി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇതോടെ വാസു അടുത്ത രണ്ടാഴ്ച കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

ഈ കേസിലെ മറ്റൊരു പ്രതിയായ ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സ്വർണ്ണക്കവർച്ചയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് തന്ത്രിയുടെ നിലപാട്. പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രവും കെട്ടിച്ചമച്ചതുമാണെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ആരോപിച്ചു. കേസിൽ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഉടൻ അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് കേസിലെ നിർണ്ണായക തെളിവാകുമെന്നാണ് കരുതുന്നത്.

അതേസമയം, ശബരിമലയിലെ സ്വർണ്ണം കാണാതായ സംഭവത്തിൽ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് തന്ത്രി സമാജം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം ചില വ്യക്തികളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും അവർ ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top