ശബരിമല മുതൽ പത്മനാഭസ്വാമി ക്ഷേത്രം വരെ; ലക്ഷ്യം 1000 കോടി; ഞെട്ടിക്കുന്ന മൊഴികൾ പുറത്ത്

ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. മോഷണസംഘത്തിന്റെ ലക്ഷ്യം കേവലം ശബരിമല മാത്രമായിരുന്നില്ലെന്നും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായും പ്രവാസി വ്യവസായി മൊഴി നൽകി. ഏകദേശം 1000 കോടി രൂപയുടെ സ്വർണ്ണവും വിഗ്രഹങ്ങളുമാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെ തുടർന്നാണ് എസ്ഐടി സംഘം പ്രവാസി വ്യവസായിയുടെ അടുത്തെത്തിയത്. അന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘത്തിലെ അംഗങ്ങൾക്ക് ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നും ജയലളിതയുമായി ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയതെന്നുമായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

Also Read : ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെടുത്തു; പോറ്റിയുടെ മൊഴിയിൽ നിർണ്ണായക നടപടി

കൂടാതെ, ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നിന്നുകൊണ്ട് 2019-20 കാലങ്ങളിൽ ശബരിമലയിൽ നിന്ന് 4 പഞ്ചലോഹ വിഗ്രഹങ്ങൾ രാജ്യാന്തര പുരാവസ്തു കടത്ത സംഘത്തിന് വിറ്റിട്ടുണ്ടെന്ന നിർണായക മൊഴിയും പ്രവാസി വ്യവസായി എസ്ഐടി സംഘത്തിന് നൽകി. മൊഴി സത്യമാണോ എന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുവരെയുള്ള അന്വേഷണത്തിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്‌ടമായതായി വിവരം ലഭിച്ചിരുന്നില്ല. പ്രവാസി വ്യവസായി പറഞ്ഞ ഡി മണി ദിണ്ടിഗൽ സ്വദേശിയായ ഡയമണ്ട് മണി എന്നറിയപ്പെടുന്ന ബാലമുരുഗനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് വിഗ്രഹങ്ങൾ മോഷ്ടിക്കാൻ ഈ സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി പ്രത്യേക നിരീക്ഷണം നടത്തിയിരുന്നതായും സൂചനയുണ്ട്. കേരളത്തിന് പുറത്തുള്ള ചില ഉന്നതർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ദേവസ്വം ജീവനക്കാർക്കോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top