തന്ത്രി വെറുമൊരു ആചാര്യനല്ല, സർക്കാർ ശമ്പളം പറ്റുന്ന പൊതുപ്രവർത്തകൻ; വീടുകയറി തെളിവു കണ്ടെത്താൻ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ പത്തനംതിട്ടയിലെ വസതിയിൽ എസ്.ഐ.ടി ഇന്ന് പരിശോധന നടത്തും. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കേസിലെ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കണ്ഠരര് രാജീവർ കേവലം ഒരു ആചാര്യൻ മാത്രമല്ല, ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന ഒരു പൊതുപ്രവർത്തകൻ ആണെന്ന കണ്ടെത്തലിലാണ് എസ്.ഐ.ടി പരിശോധനയുമായി മുന്നോട്ട് പോകുന്നത്.
Also : ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തന്ത്രിക്ക് ലഭിക്കുന്ന ‘പടിത്തരം’ എന്നത് വെറും ദക്ഷിണയല്ലെന്നും അത് ഔദ്യോഗിക പ്രതിഫലമാണെന്നും എസ്.ഐ.ടി നിരീക്ഷിക്കുന്നു. ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ റാങ്കിന് തുല്യമായ പദവിയാണ് തന്ത്രിക്കുള്ളത്. അതിനാൽ ദേവസ്വം സ്വത്ത് സംരക്ഷിക്കാൻ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനാണ്. സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയപ്പോൾ തന്ത്രി അത് തടയാൻ ശ്രമിച്ചില്ലെന്നും ഇതിന് മൗനാനുവാദം നൽകിയെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആചാര ലംഘനം നടന്നിട്ടും താന്ത്രികമായ അധികാരം ഉപയോഗിച്ച് അദ്ദേഹം ഇടപെട്ടില്ല എന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിക്കുന്നതിലും അദ്ദേഹത്തിന് സ്വാധീനം ഉറപ്പാക്കുന്നതിലും തന്ത്രിക്ക് നിർണ്ണായക പങ്കുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് അദ്ദേഹം ഉള്ളത്. തന്ത്രിയുടെ വീട്ടിൽ നടത്തുന്ന പരിശോധനയിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളോ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളോ ലഭിക്കുമോ എന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ കള്ളമാണെന്നും താൻ നിരപരാധിയാണെന്നുമാണ് തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here