ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെടുത്തു; പോറ്റിയുടെ മൊഴിയിൽ നിർണ്ണായക നടപടി

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെടുത്തതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനും നിർണ്ണായക പങ്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 470 ഗ്രാം സ്വർണം കണ്ടെടുത്തത്. പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ജനുവരി ഒന്ന് വരെ റിമാൻഡിലായിരിക്കും.
സ്വർണം മോഷ്ടിക്കുന്നതിനും അത് വാങ്ങുന്നതിനും പുറമെ, തെളിവുകൾ നശിപ്പിക്കാനും കുറ്റം മറയ്ക്കാനും ഇരുവരും സഹായിച്ചതായി റിപ്പോർട്ടിലുണ്ട്. സ്വർണത്തിനായി നൽകിയ 15 ലക്ഷം രൂപയ്ക്ക് പുറമെ, സ്‌പോൺസർഷിപ്പ് എന്ന പേരിൽ ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതായി ഗോവർദ്ധൻ മൊഴി നൽകി. ഈ തുക മറ്റാർക്കെല്ലാം ലഭിച്ചു എന്നതിൽ അന്വേഷണം നടക്കുകയാണ്.
Also Read : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; വമ്പൻ സ്രാവുകൾ കുടുങ്ങുമോ?
കേസന്വേഷണത്തിൽ മെല്ലെപ്പോക്ക് നടക്കുന്നുവെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനത്തിന് പിന്നാലെയാണ് എസ്ഐടി നടപടികൾ വേഗത്തിലാക്കിയത്. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ പ്രതി ചേർക്കാത്തതിനെ കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും അറസ്റ്റ് ചെയ്തത്.
ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ പ്രമുഖരിലേക്കും അന്വേഷണം നീങ്ങുകയാണ്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ലോബി തന്നെ പ്രവർത്തിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണ്ണായകമായ അറസ്റ്റുകൾ ഉണ്ടായേക്കും. അന്വേഷണത്തിൽ വിവേചനം പാടില്ലെന്നും വലിയ സ്രാവുകളെ പിടികൂടണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here