ജയിലിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ കേസിൽ കണ്ഠരര് രാജീവരുടെ അറസ്റ്റ് ഉടൻ

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി എസ്ഐടി. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് സ്വർണപ്പാളികൾ മോഷ്ടിച്ച കേസിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേർക്കാൻ കോടതി അനുമതി നൽകി. നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസില്‍ തന്ത്രി ജയിലിലാണ്.
Also Read : വാജിവാഹനം തന്ത്രിയുടെ വീട്ടിൽ, അഷ്ടദിക്ക്പാലകരെ കാണാനില്ല; ശബരിമലയിൽ ദുരൂഹത തുടരുന്നു
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ മാറ്റുന്നതിനായി ‘അനുജ്ഞാ കലശം’ നടത്തിയത് തന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങളിലെ സ്വർണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഈ സ്വർണം കൈമാറാൻ തന്ത്രി അനുവാദം നൽകിയത്. സ്വർണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Also Read : അയ്യപ്പന്റെ പൊന്ന് കട്ടവർക്ക് തിരിച്ചടി; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിച്ച് കോടതി
അതേസമയം, ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി എസ്ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വർണം പൊതിഞ്ഞ വാജി വാഹനം (കുതിരയുടെ രൂപം) കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ബോർഡ് തീരുമാനപ്രകാരമല്ല, മറിച്ച് കീഴവഴക്കം അനുസരിച്ചാണ് തന്ത്രിക്ക് വാജി വാഹനം നൽകിയതെന്ന് മുൻ ബോർഡ് അംഗം അജയ് തറയിൽ പ്രതികരിച്ചിട്ടുണ്ട്. തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here